പുഷ്പമേളയിൽ തിരക്കേറുന്നു...

Tuesday 17 January 2023 12:51 AM IST

കൊച്ചി: നഗരത്തിന് പൂക്കാലം സമ്മാനിച്ച് ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന 39-ാമത് കൊച്ചിൻ പുഷ്പമേളയിൽ ജനത്തിരക്കേറുന്നു. രാവിലെ ഒൻപതിന് ആരംഭിക്കുന്ന മേളയിൽ ഇന്നലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

കുമളി, കണ്ണൂർ, വയനാട്, ബാംഗ്ളൂർ എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച പുഷ്പങ്ങളും ചെടികളുമാണ് കൂടുതൽ. 300 മുതൽ 5,000 രൂപ വരെയാണ് ഇവയ്ക്ക് വില. എട്ട് വ്യത്യസ്ത ഇനങ്ങളുള്ള മൂൺ കാക്ടസ്, ക്രിസാന്തിമം, ജമന്തി, ഡാലിയ, വാടാമല്ലി, ബോൾസ് തുടങ്ങിയവയുടെ വൻ ശേഖരവും ഒരുക്കിയിട്ടുണ്ട്.

40,000 ചതുരശ്ര അടിയിലുള്ള പ്രദർശനത്തിൽ അഞ്ഞൂറിലേറെ വിഭാഗങ്ങളിൽ നിന്നായി അര ലക്ഷത്തോളം പുഷ്പങ്ങളും ചെടികളുമാണ് പ്രദർശിപ്പിക്കുന്നത്.

40 വിഭാഗങ്ങളിലായി രണ്ടായിരത്തോളം ഓർക്കിഡുകളും ഒട്ടനവധി ചെടികളും പ്രദർശനത്തിലുണ്ട്.

പ്രവേശന നിരക്ക്: മുതിർന്നവർക്ക് 60 രൂപ, 11 വയസ് വരെയുള്ള കുട്ടികൾക്ക് 30 രൂപ. സ്‌കൂൾ ഗ്രൂപ്പുകൾക്ക് പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കും. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.

21 ന് മത്സരങ്ങൾ

21ന് വൈകിട്ട് ആറിന് സെന്റ്. തെരേസാസ് കോളേജ് ഫാഷൻ വകുപ്പുമായി സഹകരിച്ച് ഫ്ളവർ പ്രിൻസ്, പ്രിൻസസ് മത്സരം സംഘടിപ്പിക്കും. ഇൻഡോർ പ്ലാന്റ്‌സ് ശേഖരം, ഫ്ളവർ അറഞ്ച്‌മെന്റ്‌സ് പരിശീലനം, വെജിറ്റബിൾ കാർവിംഗ് പരിശീലനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

ആകർഷണങ്ങൾ

വെള്ളമൊഴിക്കാതെ ചെടികൾ വളർത്താവുന്ന ടെറേറിയം 40,000രൂപയുടെ ആമ്പലുകൾ, പ്രാണിപിടിയൻ ചെടി, ആയിരക്കണക്കിന് പച്ചമുളക് ഉയോഗിച്ചുള്ള വെജിറ്റബിൾ കാർവിംഗുകൾ എന്നിവയാണ് എന്നിവയാണ് ഏറെപ്പേരെയും ആകർഷിച്ചത്.