കേരളയുടെ പ്രൈവറ്റ് രജിസ്ട്രേഷനെതിരെ ഓപ്പൺ യൂണിവേഴ്സിറ്റി കോടതിയിലേക്ക്

Tuesday 17 January 2023 12:56 AM IST

കൊല്ലം: കേരള സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിച്ചതിനെതിരെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കോടതിയെ സമീപിക്കും. ഹൈക്കോടതി ഉത്തരവിന്റെയും ഓപ്പൺ യൂണിവേഴ്സിറ്റി ആക്ടിന്റെയും ലംഘനം ചൂണ്ടിക്കാട്ടിയാകും ഹർജി.

ആക്ട് പ്രകാരം സംസ്ഥാനത്ത് വിദൂര, പ്രൈവറ്റ് കോഴ്സുകൾ നടത്താനുള്ള അധികാരം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് മാത്രമാണ്. അതിനാൽ ഈ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ മറ്റ് സർവകലാശാലകളൊന്നും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചില്ല. എന്നാൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കോഴ്സുകൾക്ക് യു.ജി.സിയുടെ അംഗീകാരം വൈകിയതോടെ, ഒരു കൂട്ടം വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹർജിയിൽ ഓപ്പൺ സർവകലാശാല നടത്താത്ത കോഴ്സുകൾ മാത്രം മറ്റ് സർവകലാശാലകൾ ആരംഭിക്കാനായിരുന്നു ഉത്തരവ്.ഇതിന്റെ അടിസ്ഥാനത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റിക്ക് അംഗീകാരം ലഭിക്കാതിരുന്ന കോഴ്സുകൾ മാത്രമാണ് മറ്റ് സർവകലാശാലകൾ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഇത്തവണ ആരംഭിച്ചത്. ഇതിനിടയിലാണ് കേരള സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷന് ഓപ്പൺ സർവകലാശാല നടത്തിക്കൊണ്ടിരിക്കുന്ന കോഴ്സുകൾക്ക് കൂടി അപേക്ഷ ക്ഷണിച്ചത്.

ടി.സി ചോദിച്ച്

വിദ്യാർത്ഥികൾ

കേരള സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചതോടെ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയ ചില വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ടി.സി ചോദിച്ചിരുന്നു. ഇവരെ രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ് സർവകലാശാല അധികൃതർ മടക്കി. മറ്റ് സർവകലാശാലകൾ പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിച്ചാൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നിലനിൽപ്പ് അപകടത്തിലാകുമെന്ന് അധികൃതർ പറയുന്നു. യൂണിവേഴ്സിറ്റിയുടെ ആദ്യ ബാച്ചിൽ ആറായിരത്തിൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ് പ്രവേശനം നേടിയിട്ടുള്ളത്..