കോൺ. പുനഃസംഘടന സമിതികൾ: തഴഞ്ഞതായി പരാതിപ്പെട്ട 14 പേരെ ഹൈക്കമാൻഡ് ഉൾപ്പെടുത്തി

Tuesday 17 January 2023 12:00 AM IST

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് പുനഃസംഘടനയ്ക്കായി ജില്ലാതലങ്ങളിൽ നിയോഗിച്ച സമിതികളിൽ ഹൈക്കമാൻഡ് ഇടപെട്ട് തിരുത്തൽ.

22 അംഗ നിർവാഹക സമിതിയിലെ പതിനാല് പേരെ തഴഞ്ഞ് എട്ട് പേരെ മാത്രം വിവിധ ജില്ലകളിലെ പുനഃസംഘടന സമിതികളിൽ ഉൾപ്പെടുത്തിയതാണ് പ്രശ്നമായത്. അവഗണിച്ചെന്നാരോപിച്ച് അവർ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലിനും താരിഖ് അൻവറിനും പരാതി നൽകിയതോടെയാണ് ഹൈക്കമാൻഡ് ഇടപെട്ട് തിരുത്തിയത്. ഇതോടെ, ജില്ലാതല പുനഃസംഘടന സമിതികൾക്കും വലിപ്പമേറും.

നിർവാഹക സമിതി അംഗങ്ങളായ എം. മുരളി, ജോൺസൺ എബ്രഹാം, വർക്കല കഹാർ, മണക്കാട് സുരേഷ്, ഡി. സുഗതൻ, അനിൽ അക്കര, കോശി എം. കോശി, ഷാനവാസ് ഖാൻ, കെ.പി. ഹരിദാസ്, പി.ആർ. സോന, ജ്യോതികുമാർ ചാമക്കാല, ജോർജ് മാമ്മൻ കോണ്ടൂർ, ജയ്സൺ ജോസഫ്, പി.ജെ. ജോയി എന്നിവരാണ് പരാതിയുമായി ഹൈക്കമാൻഡിനെ സമീപിച്ചത്. ഇതേത്തുടർന്ന് ഇവരെ സ്വന്തം ജില്ലകളിലെ പുനഃസംഘടന സമിതികളിൽ ഉൾപ്പെടുത്തി.

കെ.പി.സി.സിക്ക് 30 ഭാരവാഹികളും 22 നിർവാഹകസമിതി അംഗങ്ങളുമാണ് നിലവിൽ. ഭാരവാഹികളിൽ പി.ടി. തോമസ്, പ്രതാപവർമ്മ തമ്പാൻ, ട്രഷററായിരുന്ന വി. പ്രതാപചന്ദ്രൻ എന്നിവരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവുകളുമുണ്ട്. അതേസമയം, കെ.പി.സി.സി പുനഃസംഘടന വൈകാതെ നടക്കുമ്പോൾ ,ഇപ്പോഴുള്ള ഭാരവാഹികളെല്ലാം അതേ പടി തുടരുമോയെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നു.

പുനഃസംഘടനാ

സമിതി :

■ യോഗം വിളിച്ചുകൂട്ടേണ്ടത് ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി

■നേതൃത്വം ഡി.സി.സി അദ്ധ്യക്ഷനും ജില്ലാ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിക്കും

■എം.പിമാർ, എം.എൽ.എമാർ, രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ, കെ.പി.സി.സി ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ എന്നിവർ സമിതിയിൽ.