ജി20 ആരോഗ്യയോഗം നാളെ മുതൽ തിരുവനന്തപുരത്ത്

Tuesday 17 January 2023 12:09 AM IST

ന്യൂഡൽഹി: ജി 20 കൂട്ടായ്‌മയുടെ അദ്ധ്യക്ഷ പദം ഇന്ത്യ ഏറ്റെടുത്ത ശേഷമുള്ള ആരോഗ്യപ്രവർത്തക സമിതിയുടെ ആദ്യ യോഗം ജനുവരി 18 മുതൽ 20 വരെ തിരുവനന്തപുരത്തു നടക്കും. ഗോവ, ഹൈദരാബാദ്, ഗാന്ധിനഗർ നഗരങ്ങളും പിന്നീട് ആരോഗ്യ പ്രവർത്തകസമിതി (എച്ച്‌.ഡബ്ല്യു.ജി) യോഗങ്ങൾക്ക് വേദിയാകും. ആരോഗ്യ മന്ത്രിതല യോഗവും ഇന്ത്യയിൽ നടക്കും.

ആരോഗ്യപ്രവർത്തക സമിതി യോഗങ്ങളിൽ സുരക്ഷിതവും ഫലപ്രദവും ഗുണമേന്മയുള്ളതും ചെലവുകുറഞ്ഞതുമായ പ്രതിരോധ നടപടികൾ (വാക്സിനുകൾ, ചികിത്സ, രോഗനിർണയം), ഇവയുടെ അടിസ്ഥാനത്തിൽ ഔഷധമേഖലയിൽ സഹകരണം ശക്തിപ്പെടുത്തൽ, സാർവത്രിക ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ ആരോഗ്യ നവീകരണവും പ്രതിവിധികളും തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുക.

ജി20 അംഗരാജ്യങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങളുടെയും പ്രമുഖ അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും.