ഞങ്ങളും പഠിക്കും, മലയാളം

Tuesday 17 January 2023 12:22 AM IST
സംവേദ്യ നെടുമണ്ണൂർ സംഘടിപ്പിച്ച മലയാള ഭാഷാ പഠന ക്ലാസിൽ എത്തിയവർ

@അന്യ സംസ്ഥാനക്കാരായ ജീവിതപങ്കാളികളെ മലയാളം പഠിപ്പിക്കാൻ നെടുമണ്ണൂരിലെ സംവേദ്യ പ്രവർത്തകർ

കുറ്റ്യാടി: കേരളത്തിൽ നിന്ന് പെണ്ണ് കിട്ടാതായതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ജീവിത പങ്കാളിയെ കണ്ടെത്തിയവർക്കും, കണ്ടെത്താൻ ശ്രമിക്കുന്നവർക്കും ഒരു സന്തോഷ വാർത്ത. നിങ്ങളുടെ ജീവിതപങ്കാളിയെ മലയാളം പഠിപ്പിക്കാൻ നെടുമണ്ണൂരിലെ സംവേദ്യ സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം പ്രവർത്തകർ സഹായിക്കും. ഇതിനുള്ള ഒരു ദീർഘകാല പദ്ധതിക്ക് ഇവർ രൂപം നൽകി. തമിഴ്‌നാട് ,കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വിവാഹിതരായി കായക്കൊടി, കുന്നുമ്മൽ, നരിപ്പറ്റ പഞ്ചായത്തുകളിൽ താമസിച്ചു വരുന്നവരിൽ ചിലർക്ക് മലയാള ഭാഷ സംസാരിക്കാൻ അറിയാമെങ്കിലും എഴുത്തും, വായനയും അറിയാത്തവരാണെന്ന് മനസിലാക്കിയതോടെയാണ് ഇവരെ സഹായിക്കാൻ പ്രവർത്തകർ തീരുമാനിച്ചത്. സർവേ നടത്തിയപ്പോൾ കായക്കൊടി പഞ്ചായത്തിൽ മാത്രം ഇത്തരത്തിലുള്ള പത്തു കുടുംബങ്ങളെ കണ്ടെത്തി. തമിഴ്‌നാട്, കർണാടക സ്വദേശികളായ ഇവർ നാലുവർഷം മുതൽ എട്ടുമാസം മുമ്പ് വരെ കേരളത്തിലെത്തിയവരാണ്. കുട്ടികളുടെ പഠന പ്രവർത്തനങ്ങളെ സഹായിക്കുന്നതിനും, ആശയ വിനിമയം നടത്തുന്നതിനും വലിയ തോതിലുള്ള പ്രയാസമാണ് ഇവർ അനുഭവിച്ചു വരുന്നതെന്ന് ബോദ്ധ്യപ്പെട്ടതോടെ,ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിനായി ശ്രമം .തുടർന്ന് മലയാള ഭാഷയിൽ എഴുത്തും വായനയും അഭ്യസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ആദ്യ ക്ലാസിന് നേതൃത്വം നൽകിയ ചന്ദ്രൻ പാലയാട് പറഞ്ഞു. പത്ത് പേരിൽ എട്ടുപേരും ഒന്നാമത്തെ ക്ലാസിൽ പങ്കെടുത്തു. ഗർഭിണിയായതിനാൽ ഒരാൾക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. മറ്റൊരാൾ നാട്ടിൽ പോയതിനാൽ അടുത്ത ക്ലാസ് മുതൽ പങ്കെടുക്കും. ആദ്യഘട്ടത്തിൽ ഞായറാഴ്ച ദിവസങ്ങളിലാണ് ക്ലാസ് നൽകുന്നത് . പഠന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .കെ .പി ചന്ദ്രി നിർവഹിച്ചു. വാർഡ് മെമ്പർ സി.കെ.ഷൈമ അദ്ധ്യക്ഷയായി. വി. കെ.കരുണൻ, വിനീഷ് പാലയാട്, കെ.പി മോഹനൻ, പി.എം.ചന്ദ്രൻ , അനൂപ് കൃഷ്ണൻ, ചന്ദ്രൻ പാലയാട്, .എം.പി സതീശൻ എന്നിവർ പ്രസംഗിച്ചു.

കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ കുന്നുമ്മൽ, നരിപ്പറ്റ, കായക്കൊടി, നാദാപുരം പഞ്ചായത്തുകളിൽ മാത്രം 60 നടുത്ത് യുവാക്കളാണ് അന്യസംസ്ഥാന യുവതികളെ വിവാഹം കഴിച്ചത്. ഇവർ കൂടുതലും കർണാടകയിൽ നിന്നുള്ളവരാണ്. കാസർകോട്, വയനാട് ജില്ലാ അതിർത്തികളിലുള്ള ചില ഏജൻറുമാരാണ് വിവാഹ ആലോചനയുമായെത്തുന്നത്.ഇരുപത്തി അയ്യായിരം മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഇവരുടെ പ്രതിഫലം. പെൺകുട്ടിയുടെ വീട്ടുകാർക്ക് സ്വർണം, വിവാഹ ചെലവിനുള്ള തുക എന്നിവയും നൽകണം. പെൺവീട്ടുകാർ വരന്റെ നാട്ടിൽ വന്നാണ് വിവാഹം നടത്തിക്കൊടുക്കുന്നത്.