യു.ഡി.എഫ്.നേതൃത്വത്തിൽ കോർപ്പറേഷൻ ഉപരോധം കോർപ്പറേഷൻ ഭരണം കോഴിക്കോടിന് അപമാനം: വി.ഡി.സതീശൻ

Tuesday 17 January 2023 12:30 AM IST
കോതിയിലും ആവിക്കൽ തോട് പ്രദേശത്തും എസ്.ടി.പി അടിച്ചേൽപ്പിക്കുന്ന നിലപാടിനും കോർപ്പറേഷൻ അഴിമതിക്കുമെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കോർപ്പറേഷൻ ഉപരോധ സമരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കോർപ്പറേഷൻ ഭരണം കോഴിക്കോടിന് അപമാനമായിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. തട്ടിപ്പുകൾ എങ്ങനെ ശാസ്ത്രീയമായി നടത്താമെന്നതിൽ ഗവേഷണം നടത്തുന്നവരായി കോഴിക്കോട് കോർപ്പറേഷൻ മാറി. കോതിയിലും ആവിക്കൽ തോട് പ്രദേശത്തും എസ്.ടി.പി അടിച്ചേൽപ്പിക്കുന്ന നിലപാടിനും കോർപ്പറേഷൻ അഴിമതിക്കുമെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കോഴിക്കോട് കോർപ്പറേഷൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭയുടെ കരാറുകൾ വരെ സി.പി.എമ്മിനും ബിനാമികൾക്കും മാത്രമായി നൽകുകയാണ്. പി.എൻ.ബി തട്ടിപ്പ് ഒരു ബാങ്ക് മാനേജർക്ക് മാത്രമായി നടത്താവുന്നതല്ല. അണിയറയിൽ നിയന്ത്രിച്ചവരെ പുറത്ത് കൊണ്ടു വരണം. കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കും സി.പി.എമ്മിനും തട്ടിപ്പിൽ വ്യക്തമായ പങ്കുണ്ട്. അഴിമതിയിലും അനധികൃത പ്രവർത്തനങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. രാവിലെ ഒൻപത് മണിക്ക് മുമ്പായി തന്നെ യു.ഡി.എഫ് പ്രവർത്തകർ കോർപ്പറേഷന്റെ പ്രധാന ഗേറ്റ് ഉൾപ്പെടെ മൂന്ന് ഗേറ്റുകളും വളഞ്ഞതോടെ ജീവനക്കാർ അകത്ത് കയറാനാവാതെ പ്രതിരോധത്തിലായി. നോർത്ത് മണ്ഡലം, എലത്തൂർ മേഖലയിലെ പ്രവർത്തകർ ലീഗ് ഹൗസ് പരിസരത്തും സൗത്ത് മണ്ഡലം, ബേപ്പൂർ ചെറുവണ്ണൂർ മേഖല പ്രവർത്തകർ ടെലഗ്രാഫ് ഓഫീസ് പരിസരത്തും കേന്ദ്രീകരിച്ച് പ്രകടനമായാണ് കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ എത്തിയത്. ഉപരോധം 12 മണി വരെ നീണ്ടതോടെ കോർപ്പറേഷൻ പ്രവർത്തനം ഉച്ചവരെ പൂർണമായും സ്തംഭിച്ചു. സമരത്തിൽ യു. ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ .കെ പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി .എം നിയാസ്, എൻ. എസ്. യു ജനറൽ സെക്രട്ടറി കെ .എം അഭിജിത്ത്,എൻ.സി അബൂബക്കർ,പാറക്കൽ അബ്ദുള്ള, ദിനേശ് പെരുമണ്ണ ,അഷ്‌റഫ് മണക്കടവ്,എസ് .കെ അബൂബക്കർ, അബ്ദുസ്സലാം, എസ്. പി കുഞ്ഞമ്മദ് ,എം .എ മജീദ് ,പി.പി.നൗഷിർ ,കോട്ടയിൽ രാധാകൃഷ്ണൻ, സി. ടി.സക്കീർ ഹുസയിൻ, പി.ഇസ്മായിൽ, ഷാജിർഅറഫാത്ത്,ഷെറിൽ ബാബു, ശ്രീനിവാസൻ, കണ്ടിയിൽ ഗംഗാധരൻ, ഗഫൂർ ,എം. കുഞ്ഞമ്മുട്ടി,യു .സജീർ എം കെ ഹംസ, എം മുഹമ്മദ് കോയ, കെ. സി ശോഭിത,കെ മൊയ്തീൻ കോയ,ആദം മുൽസി ,ടി പി എം ജിഷാൻ, എ. സഫറി ,എ ടി മൊയ്തീൻ കോയ , ഫൈസൽ പള്ളിക്കണ്ടി ,വി റാസിക്,അർസുൽ അഹമ്മദ് എന്നിവർ പ്രസംഗിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എം.എ റസാഖ് സ്വാഗതം പറഞ്ഞു.