ടോട്ടൻഹാമിനെയും വെട്ടി ആഴ്സനൽ മുന്നോട്ട്

Monday 16 January 2023 11:44 PM IST

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ടോട്ടൻഹാമിനെ തോൽപ്പിച്ച ആഴ്സനൽ പോയിന്റ് പട്ടികയിലെ തേരോട്ടം തുടരുന്നു. ടോട്ടൻഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽത്തന്നെ രണ്ടുഗോളുകളും ആഴ്സനൽ സ്വന്തമാക്കുകയായിരുന്നു.

14-ാം മിനിട്ടിൽ ടോട്ടൻഹാം ഗോളി ഹ്യൂഗോ ലോറിസ് തന്റെ പ്രിമിയർ ലീഗ് കരിയറിലാദ്യമായി വഴങ്ങിയ സെൽഫ് ഗോളാണ് ആഴ്സനലിന് ലീഡ് നൽകിയത്. ബുക്കായോ സാക്ക ഇടത് പോസ്റ്റിന് അരികിൽ നിന്ന് തൊടുത്ത ഒരു ഷോട്ട് ലോറിസിന്റെ കയ്യിൽ തട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു.36-ാം മിനിട്ടിൽ മാർട്ടിൻ ഒഡേഗാർഡ് ആഴ്സനലിന്റെ ലീഡുയർത്തി. ഈ വിജയത്തോടെ പട്ടികയിൽ ഒന്നാമതുള്ള ആഴ്സനലിന് 18 കളികളിൽ നിന്ന് 47 പോയിന്റായി. 39 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്. മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ മറുപടിയില്ലാത്ത ഏകഗോളിന് ഫുൾഹാമിനെ തോൽപ്പിച്ച് 38 പോയിന്റുമായി മൂന്നാമതെത്തി.38 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്നാലാമതായി. കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച ചെൽസി 28 പോയിന്റുമായി പത്താം സ്ഥാനത്ത് തുടരുകയാണ്. 64-ാം മിനിട്ടിൽ കായ് ഹാവെർട്ട്സ് നേടിയ ഗോളിനാണ് ചെൽസി വിജയം കണ്ടത്.

മത്സരഫലങ്ങൾ

ആഴ്സനൽ 2- ടോട്ടൻഹാം 0

ചെൽസി 1- ക്രിസ്റ്റൽ പാലസ് 0

ന്യൂകാസിൽ 1- ഫുൾഹാം 0