വരും,​ നഗരത്തിലൊരു സ്പോർട്സ് സ്കൂൾ

Tuesday 17 January 2023 12:45 AM IST
sports

@ നഗരത്തിൽ സ്പോർട്സ് സ്കൂളിനായുള്ള നടപടികൾക്ക് തുടക്കമായി

കോഴിക്കോട്: കായികരംഗത്തെ കുതിപ്പിന് ആക്കം കൂട്ടുന്നതിനായി നഗരത്തിലാദ്യമായി സ്പോർട്സ് സ്കൂൾ തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. കല്ലായി ഗവ. ഗണപത് സ്കൂൾ സ്പോർട്സ് സ്കൂളാക്കി മാറ്റുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട നടപടികൾക്കാണ് ഇപ്പോൾ കോർപ്പറേഷൻ തുടക്കം കുറിച്ചത്. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി സർവേ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ഇതിനായി എംപാനൽഡ് ആർക്കിടെക്ടുമാരെ തിരഞ്ഞെടുക്കാനും കഴിഞ്ഞ തവണ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിൽ സ്പോർട്സ് സ്കൂൾ സ്ഥാപിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ ചുവടുപിടിച്ചാണ് കല്ലായി ഗവ. ഗണപത് സ്കൂളിനെ സ്പോർട്സ് സ്കൂൾ ആക്കി മാറ്റാൻ കോർപ്പറേഷൻ തീരുമാനിച്ചത്. ഗ്രൗണ്ടിനുൾപ്പെടെ ആവശ്യത്തിന് സ്ഥലം സ്കൂളിൽ ലഭ്യമാണ്. സർക്കാർ അനുമതിയോടെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ കായിക സ്ഥിരം സമിതി ചെയർപേഴ്സൺ സി. രേഖ പറഞ്ഞു.

സ്പോർട്സ് സ്കൂളിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയുണ്ട്. മികച്ച ഫുട്ബോൾ ഗ്രൗണ്ടാണ് ഇവിടെയുള്ളത്.

ജില്ലയിലെയും നഗരത്തിലെയും കായികതാരങ്ങൾക്ക് പരിശീലനത്തിനും പഠനത്തിനും അവിടെ സൗകര്യം ഒരുക്കും. സ്‌പോർട്‌സ് സ്‌കൂളാക്കി മാറ്റിയാൽ ഹോസ്റ്റൽ നിർമിക്കുന്നതോടെ താമസിച്ച് പഠിക്കാനും സൗകര്യമുണ്ടാവും. ഹോസ്റ്റൽ ഒരുക്കാനുള്ള സ്ഥലം സ്കൂളിൽ കണ്ടെത്തേണ്ടതുണ്ട്.

" കായികരംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ കോർപ്പറേഷൻ നടത്തുന്നുണ്ട്. സ്പോർട്സ് സ്കൂൾ തുടങ്ങുകയെന്നത് വലിയ ലക്ഷ്യമാണ്. നഗരത്തിലെ കളിക്കളങ്ങൾ നവീകരിക്കാനുള്ള നടപടികൾ മുന്നേറുന്നുണ്ട്. എര‌ഞ്ഞിപ്പാലത്ത് ടെന്നീസ് കോർട്ട് ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയായി. കിണാശേരി ഗവ.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിന്റെ നിലവാരം ഉയർത്തും "

സി. രേഖ

ചെയർപേഴ്സൺ, വിദ്യാഭ്യാസ സ്ഥിരം സമിതി

കോഴിക്കോട് കോർപ്പറേഷൻ