റയലിനെ വീഴ്ത്തി ബാഴ്സയ്ക്ക് സൂപ്പർ കപ്പ്

Monday 16 January 2023 11:48 PM IST

ഫൈനലിൽ ബാഴ്സലോണ വിജയിച്ചത് 3-1ന്

റിയാദ് : ചിരവൈരികളായ റയൽ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തോൽപ്പിച്ച് ബാഴ്സലോണ സ്പാനിഷ് സൂപ്പർ കോപ്പ ജേതാക്കളായി. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്കായിരുന്നു റയലിന്റെ ജയം.

33-ാം മിനിട്ടിൽ ഗാവി, 45-ാം മിനിട്ടിൽ റോബർട്ട് ലെവൻഡോവ്സ്കി, 69-ാം മിനിട്ടിൽ പെഡ്രി എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ ജയം.കളി തീരാൻ നിഷങ്ങൾ ശേഷിക്കവേ കരിം ബെൻസേമയാണ് റയലിന്റെ ആശ്വാസ ഗോൾ നേടിയത്. ഗാവിയുടെ മികച്ച പ്രകടനമാണ് ബാഴ്സയ്ക്ക് മത്സരത്തിൽ ആധിപത്യം നൽകിയത്.

കഴിഞ്ഞ ഒക്ടോബറിലെ ലാ ലിഗ എൽക്ളാസിക്കോയിൽ റയലിനോട് തോറ്റതിനുള്ള ബാഴ്സയുടെ മധുരപ്രതികാരം കൂടിയായി ഈ വിജയം.മെസി ബാഴ്സലോണ വിട്ടശേഷമുള്ള ബാഴ്സയുടെ ആദ്യ കിരീടനേട്ടമാണിത്.

14

ഇത് പതിനാലാം തവണയാണ് ബാഴ്സലോണ സൂപ്പർ കപ്പ് ജേതാക്കളാവുന്നത്.ഏറ്റവും കൂടുതൽ തവണ സൂപ്പർ കപ്പ് നേടിയ ടീമും ബാഴ്സലോണ തന്നെ.

1

ബാഴ്സലോണയുടെ പരിശീലകനെന്ന നിലയിൽ സാവിയുടെ ആദ്യ കിരീടമാണിത്.

2018

ന് ശേഷം ബാഴ്സലോണ സൂപ്പർ കപ്പ് നേടുന്നത് ആദ്യമായാണ്.

Advertisement
Advertisement