ശബരി​മലയി​ൽ വൻവീഴ്ച , ലക്ഷങ്ങളുടെ കാണി​ക്ക നശി​ച്ചു

Tuesday 17 January 2023 12:03 AM IST

ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് കാണിക്കപ്പണമായി ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ നശിച്ചു. തിരുനടയിൽ കാണിക്കപ്പണമായി അയ്യപ്പ ഭക്തർ സമർപ്പിച്ച നോട്ടുകൾ യഥാസമയം എണ്ണിമാറ്റാത്തതുമൂലമാണ് നശിച്ചത്. ഇരുമുടിക്കെട്ട് നിറയ്ക്കുമ്പോൾ വെറ്റയ്ക്കും അടയ്ക്കക്കുമൊപ്പം നോട്ടോ നാണയമോ രണ്ടുംചേർത്തോ ഒരു തുണിയിൽ കെട്ടിയാണ് കാണിക്കപ്പണം തയ്യാറാക്കുന്നത്. ഈ തുണിക്കെട്ട് സോപാനത്തും സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഭണ്ഡാരങ്ങളിൽ നിക്ഷേപിക്കും. നേരത്തെ ചെറിയ തുകയാണ് ഇരുമുടിക്കുള്ളിൽ വച്ചിരുന്നത്. ഇപ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടർ ഉൾപ്പടെ വലിയ തുക കാണിക്കപ്പണമായി വയ്ക്കാറുണ്ട്. ഇങ്ങനെ ലഭിച്ച പണം ദേവസ്വം ഉദ്യോഗസ്ഥർ സമയബന്ധിതമായി എണ്ണിത്തീർക്കാതെ പഴയ ഭണ്ഡാരത്തിൽ കൂട്ടിയിട്ടു. ദിവസങ്ങൾ കഴിഞ്ഞതോടെ പാക്കുംവെറ്റയും ജീർണ്ണിച്ചഴുകി നോട്ടുകൾ നശിക്കുകയും കറപിടിച്ച് കൈമാറ്റം ചെയ്യാൻ കഴിയാതെ വരികയും ചെയ്തു. കാണിക്കപ്പണം കെട്ടഴിച്ച് എണ്ണുന്നതിന് വേണ്ടത്ര ജീവനക്കാരെ നിയമിച്ചിരുന്നില്ല. നോട്ടുകൾ നശിക്കുന്ന കാര്യം ദേവസ്വം വിജിലൻസിന്റെ ശ്രദ്ധയിലും പെട്ടില്ല. മണ്ഡലപൂജയ്ക്കു ശേഷം ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ ഭണ്ഡാരത്തിലെത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തെക്കുറിച്ച് ദേവസ്വം അധികൃതർ പ്രതികരിച്ചിട്ടില്ല.