ഭരണസമിതി തിരഞ്ഞെടുപ്പില്ല: അക്ഷരത്താളുകൾ മറിക്കാതെ കൊല്ലം പബ്ളിക് ലൈബ്രറി

Tuesday 17 January 2023 1:09 AM IST

കൊല്ലം: കൊല്ലം പബ്ലിക് ലൈബ്രറി ഭരണസമിതി തിരഞ്ഞെടുപ്പിനോട് ജില്ലാ ഭരണകൂടം മുഖം തിരിച്ചതോടെ സാംസ്കാരിക പഠന പ്രവർത്തനങ്ങൾ താളംതെറ്റി.

ജില്ലാ കളക്ടർ ചെയർമാനായ 20 അംഗ ട്രസ്റ്റിനാണ് പബ്ളിക് ലൈബ്രറിയുടെ നടത്തിപ്പവകാശം. എന്നാൽ മാറിവരുന്ന ജില്ലാ കളക്ടർമാർ ലൈബ്രറിയുടെ കാര്യത്തിൽ താത്പര്യം കാണിക്കുന്നില്ല.

പാട്രൺ അംഗങ്ങൾ, ലൈഫ് അംഗങ്ങൾ, സാധാരണ അംഗങ്ങൾ എന്നിവരിൽ നിന്നാണ് ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ലൈബ്രറി സ്ഥാപകനായ കൊല്ലത്തെ പ്രമുഖ വ്യവസായി കെ.രവീന്ദ്രനാഥൻ നായരാണ് ലൈബ്രറിയുടെ ഓണററി സെക്രട്ടറി. മൂന്ന് വർഷമാണ് ഭരണ സമിതിയുടെ കാലാവധി. എന്നാൽ ഏഴ് വർഷമായി പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നിട്ട്.

നിലവിൽ പുസ്തക വിതരണം മാത്രമാണ് നടക്കുന്നത്. പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാത്തതിനാൽ കലാപരിശീലനം, നാടക പഠനകേന്ദ്രം, കമ്പ്യൂട്ടർ പരിശീലനം, പി.എസ്.സി, ബാങ്ക് പരീക്ഷാ പരിശീലനം എന്നിവ മുടങ്ങി. മാത്രമല്ല മലയാളം, ഇസ്ലാമിക് ചരിത്ര പഠനം എന്നിവയ്ക്ക് യു.ജി.സി സാക്ഷ്യപ്പെടുത്തിയ ഗവേഷണ കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ് കൊല്ലം പബ്ളിക്ക് ലൈബ്രറി.

കൊവിഡ് കാലത്ത് 16 മാസത്തോളം ലൈബ്രറി അടഞ്ഞുകിടന്നിരുന്നു. ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഭരണസമിതി പ്രവർത്തന ക്ഷമമല്ലാത്തതിനാൽ തുടങ്ങിവച്ച പല പദ്ധതികളും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

നിയന്ത്രിക്കുന്നത് ട്രസ്റ്റ്

നിലവിലെ ഭരണസമിതിയിലെ ചില അംഗങ്ങൾ മരിച്ചു. മറ്റ് അംഗങ്ങളിൽ പലർക്കും പ്രായാധിക്യമായി. ട്രസ്റ്റാണ് ഇപ്പോൾ ഭരണം നിയന്ത്രിക്കുന്നത്. അതിനാൽ സംസ്ഥാന ലൈബ്രറി കൗൺസലിന് ലൈബ്രറി ഏറ്റെടുക്കാനാകില്ല. ലൈബ്രറിയുടെ പ്രവർത്തനം ലൈബ്രറി കൗൺസലിന്റെ കീഴിൽ കൊണ്ടുവരുന്ന തരത്തിൽ ചർച്ചകളും നി‌ർദേശങ്ങളും ലൈബ്രറി കൗൺസിലിൽ മുന്നോട്ടുവച്ചെങ്കിലും ട്രസ്റ്റ് പരിഗണിച്ചില്ല.

ജില്ലാ കളക്ടർ മുൻകൈയെടുത്തെങ്കിലേ പുതിയ ഭരണസമിതിയുടെ കാര്യത്തിൽ തീരുമാനമാകൂ. എത്രയും വേഗം പുതിയഭരണ സമിതിയെ തിരഞ്ഞെടുത്ത് പ്രവ‌ർത്തനങ്ങൾ പൂർവ സ്ഥിതിയിലാക്കണം.

ഭരണസമിതി അംഗങ്ങൾ