യുവതിയുടെ ആത്മഹത്യ, ഭർത്താവ് അറസ്റ്റിൽ

Tuesday 17 January 2023 1:22 AM IST

തെക്കുംഭാഗം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ വടക്കുംഭാഗം പുലിയാഴത്ത്‌ കിഴക്കതിൽ രതീഷ് കുമാറാണ് (40) തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് രതീഷിന്റെ ഭാര്യ ധനലക്ഷ്മി (30) ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഗാർഹിക പീഡനവും മനോവിഷമവുമാണ് യുവതി ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്ന് കണ്ടെത്തി. തുടർന്നാണ് അത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തി രതീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. പൊലീസ് ഇൻസ്‌പെക്ടർ ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശങ്കരൻനാരായണൻ, ഷാജി ഗണേശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.