പട്ടാമ്പി ബൈപ്പാസ്: പ്രതീക്ഷയോടെ യാത്രക്കാർ

Wednesday 18 January 2023 12:20 AM IST

പട്ടാമ്പി: നഗരത്തിലെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ബൈപ്പാസ് പദ്ധതി ട്രാക്കിലേക്ക്. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.യുടെ ശ്രമഫലമായി ‘റീബിൽഡ്’ പദ്ധതിയിൽ രണ്ടുകോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിന്റെ മുഖച്ഛായ മാറും.

നഗരസഭ മത്സ്യച്ചന്ത മുതൽ ലിബർട്ടി സ്ട്രീറ്റ് വരെയാണ് പുതിയ റോഡ് നിർമ്മിക്കുക. പെരിന്തൽമണ്ണ റോഡിലെ മത്സ്യച്ചന്തയ്ക്ക് സമീപത്ത് നിന്ന് തുടങ്ങി പള്ളിപ്പുറം റോഡിലാണ് പാത ചേരുക. ബൈപ്പാസ് യാഥാർത്ഥ്യമായാൽ കൊപ്പം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിക്കാതെ സ്റ്റാൻഡ് പരിസരത്തേക്കും പള്ളിപ്പുറം റോഡിലും എത്താം. ഗതാഗത കുരുക്കുണ്ടാകുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടാനും കഴിയും. കുന്നംകുളം, തൃത്താല ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് പെരിന്തൽമണ്ണ, വളാഞ്ചേരി ഭാഗത്തേക്ക് നഗരത്തിൽ പ്രവേശിക്കാതെ കടന്നുപോകാം.

പാർശ്വഭാഗങ്ങൾ കോൺക്രീറ്റ് ചെയ്ത് കട്ടവിരിച്ചാണ് റോഡ് നിർമ്മിക്കുക. നഗരസഭാ പരിധിയിലെ രണ്ട് കിലോമീറ്ററോളമാണ് നിലവിൽ നവീകരിക്കുക. 2005ൽ ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി കൊണ്ടുവന്നത്. 2010ൽ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. പട്ടാമ്പി, മുതുതല പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന രീതിയിലാണ് റോഡ് വിഭാവനം ചെയ്തിട്ടുള്ളത്. സ്ഥലമേറ്റെടുത്ത് കുറച്ചുഭാഗം റോഡ് മെറ്റലിംഗ് നടത്തിയെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം പദ്ധതി മുടങ്ങുകയായിരുന്നു. പിന്നീട് പട്ടാമ്പി പഞ്ചായത്ത് നഗരസഭയായി മാറിയതോടെ ബ്ലോക്ക് പഞ്ചായത്ത്, പദ്ധതിക്ക് ഫണ്ടനുവദിക്കുന്നതും വൈകി.