ഉപകരണങ്ങളില്ലാതെ എങ്ങനെ പരിശോധിക്കും?

Wednesday 18 January 2023 12:40 AM IST

മൊബൈൽ മണ്ണുപരിശോധനാ കേന്ദ്രത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ

പാലക്കാട്: മെച്ചപ്പെട്ട സൗകര്യമുള്ള ഓഫീസും ലാബും ഉപകരണങ്ങളും ഒരുക്കാൻ കഴിയാത്തതിനാൽ ജില്ലയിലെ മണ്ണു പരിശോധന പ്രതിസന്ധിയിൽ. കഴിഞ്ഞ ജൂലായിലാണ് ജില്ലാപഞ്ചായത്തിന്റെ ഇടപെടലിലൂടെ പട്ടാമ്പിയിലെ മൊബൈൽ മണ്ണുപരിശോധനാ കേന്ദ്രം കൽമണ്ഡപത്തേക്ക് മാറ്റിയത്. പക്ഷേ, ലാബിന് ആവശ്യമായ ഉപകരണമെത്തിക്കാൻ ഇതുവരെ നടപടിയായില്ല. ഏഴ് ജീവനക്കാരെ വിന്യസിച്ചെങ്കിലും അനുബന്ധ ഉപകരണങ്ങൾ പാലക്കാട്ടേക്ക് മാറ്റാൻ ചിലർ തടസം നിൽക്കുന്നതായാണ് പരാതി. മേലേ പട്ടാമ്പിയിലുള്ള ജല ശുദ്ധീകരണ സംവിധാനം, ശീതീകരണ യൂണിറ്റ് തുടങ്ങിയ അനുബന്ധ ഉപകരണങ്ങൾ പാലക്കാട്ടേക്ക് മാറ്റിയാലേ മണ്ണുപരിശോധന കാര്യക്ഷമമാകൂ.

കിഴക്കൻ മേഖലയിൽ ഉൾപ്പെടെ നെൽ കർഷകർക്ക് സഹായകരമാകാനാണ് പട്ടാമ്പിയിലെ ലാബ് പാലക്കാട്ടെത്തിച്ചത്. ജില്ലയിൽ വിളനാശം രൂക്ഷമായപ്പോൾ സാമ്പിൾ ശേഖരിച്ച് മണ്ണിന്റെ സ്വഭാവവും വിളകളുടെ കീടരോഗ ബാധയും തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ചന്ദ്രനഗറിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രം ഗോഡൗണിലാണ് ആദ്യം സ്ഥലം നൽകിയത്. പുതിയ ഓഫീസും ലാബും പിന്നാലെ ഒരുക്കുമെന്ന് അറിയിച്ചിരുന്നു. അഞ്ചുമാസത്തിനിടെ 2300 സാമ്പിൾ പരിശോധിച്ച് ഹെൽത്ത് കാർഡ് വിതരണം ചെയ്തെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വിവിധ ബ്ലോക്കുകളിലായി 21 മണ്ണ് പരിശോധനാ ക്യാമ്പുകളും നടത്തി. പക്ഷേ, ഉപകരണങ്ങളുടെ അപര്യാപ്തത പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഉപകരണങ്ങൾ എത്തിച്ച് അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

പരിശോധന പട്ടാമ്പിയിൽ തന്നെ

സ്വന്തം കെട്ടിടം നിർമ്മിക്കാൻ ഫണ്ടും സ്ഥലവുമുണ്ടെങ്കിലും ജില്ലാ മൊബൈൽ മണ്ണുപരിശോധനാ ലാബിലെ ഉദ്യോഗസ്ഥരുടെ ഓഫീസ് ഇപ്പോഴും കുടുസുമുറിയിൽ തന്നെ. നിലവിൽ ഏഴ് ഉദ്യോഗസ്ഥരാണ് ജില്ലാ മണ്ണ് പരിശോധനാ ലാബിലുള്ളത്. സ്ഥല സൗകര്യമില്ലാത്തതിനാൽ ഉദ്യോഗസ്ഥർക്ക് ഇരിപ്പിടം പോലും സജ്ജമല്ല. മണ്ണ് പരിശോധനയ്ക്കും സൂക്ഷ്മ മൂലകങ്ങളുടെ പഠനത്തിനുമുള്ള ഉപകരണങ്ങളെല്ലാം ഇപ്പോഴും പട്ടാമ്പിയിലാണ്.

അത് പ്രവർത്തിപ്പിക്കാൻ ശീതീകരിച്ച മുറി ആവശ്യമായതിനാൽ സാമ്പിൾ ശേഖരിച്ചാൽ പട്ടാമ്പിയിലേക്ക് അയക്കേണ്ട ഗതികേടിലാണ്. കെട്ടിടം നിർമ്മിക്കാൻ വിത്തുല്പാദന കേന്ദ്രത്തിന് സമീപമാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. എൻജിനീയർമാർ സ്ഥല പരിശോധന നടത്തി അനുമതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല.