മെട്രോ പാർക്കിംഗ് നിരക്ക് കൂട്ടി

Wednesday 18 January 2023 12:19 AM IST

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് നിരക്ക് കൂട്ടി. കൊവിഡ് കാലത്തെ ഇളവുകളും അവസാനിപ്പിച്ചു. മെട്രോ യാത്രക്കാർക്ക് ആദ്യത്തെ രണ്ട് മണിക്കൂറിന് നാല് ചക്ര വാഹനങ്ങൾക്ക് 15 രൂപയാണ് പുതുക്കിയ നിരക്ക്. തുടർന്നുള്ള ഓരോ മണിക്കൂറിനും 5 രൂപയും. ഇരുചക്ര വാഹനക്കാർക്ക് ഓരോ രണ്ട് മണിക്കൂറിനും അഞ്ച് രൂപ വീതമാകും ഈടാക്കുക. മറ്റുള്ളവർക്ക് കാർ, ജീപ്പ് എന്നിവയുടെ പാർക്കിംഗിന് ആദ്യ രണ്ട് മണിക്കൂറുകൾക്ക് 35 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിന് 20 രൂപയുമാണ് നിരക്ക്. മെട്രോ യാത്രക്കാരല്ലാത്തവരുടെ ഇരുചക്ര വാഹനങ്ങൾക്ക് പാർക്കിംഗിനായി ആദ്യ രണ്ട് മണിക്കൂറിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്ത് രൂപയും ഈടാക്കും.

ഈ മാസം 20 മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും.

ദിവസേനയുള്ള പാസുകൾക്ക് പുറമെ പ്രതിവാര, പ്രതിമാസ പാസുകളും ലഭ്യമാണ് .

കൊവിഡിനെ തുടർന്ന് 9 സ്റ്റേഷനുകളിൽ നാലു ചക്രവാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും യഥാക്രമം 10 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 5 രൂപയുമായി ഇളവ് ചെയ്തതാണ് പരിഷ്കരിച്ചത്.

പാർക്കിംഗ് സൗകര്യം മെട്രോ യാത്രക്കാരേക്കാൾ മറ്റുള്ളവരാണ് ഉപയോഗപ്പെടുത്തുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്‌ഥിരം യാത്രക്കാർക്ക് പലപ്പോഴും പാർക്കിംഗ് സൗകര്യം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.