വി​ലയി​ൽ നേരി​യ മുന്നേറ്റം പ്രതീക്ഷ മെനഞ്ഞ് റബർ കർഷകർ

Wednesday 18 January 2023 1:57 AM IST
റബർ കർഷകർ

കോട്ടയം: സീസൺ അവസാനിക്കുമ്പോൾ വിലയിലുണ്ടായ നേരിയ ചലനം ഭാവിയിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിൽ റബർ കർഷകർ. വിലക്കുറവ് മൂലം ഭൂരിപക്ഷവും ടാപ്പിംഗ് നിറുത്തിയിരുന്നു. ഉത്പാദിപ്പിച്ച റബറാവട്ടെ വിൽക്കാതെ സൂക്ഷിച്ചിരിക്കുകയാണ്. ടയർ കമ്പനികൾ സജീവമാകുന്നതോടെ റബർ വിലയിൽ ഇനിയും മാറ്റമുണ്ടാകുമെന്നാണ് വിപണി നൽകുന്ന സൂചന.

റബർ കർഷകരുടെ ചാകരക്കാലമായ ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളാണ് ഇക്കുറി ഏറ്റവും വലിയ വിലത്തകർച്ചയിലേയ്ക്ക് നീങ്ങിയത്. കഴിഞ്ഞ ജനുവരിയിൽ 176 രൂപയായിരുന്ന വില വർഷാവസാനം 130ലേയ്ക്ക് കൂപ്പുകുത്തി. ഉത്പാദനം ഉയർന്ന് വരുമാനം ഇരട്ടിയാകേണ്ട സമയത്തെ വിലത്തകർച്ചയിൽ കൂലിയടക്കമുള്ള ചെലവിന് പോലും തികയാത്ത സാഹചര്യത്തിലാണ് കർഷകർ ടാപ്പിംഗ് അവസാനിപ്പിച്ചത്. ആർ.എസ്.എസ് ഫോറിന് നാലര രൂപയുടെ വർദ്ധനവുണ്ടായിട്ടുണ്ട്. ഒട്ടുപാൽ വില 73ൽ നിന്ന് 79ലുമെത്തി. റബർ ഷീറ്റും ഒട്ടുപാലും തമ്മിൽ കാര്യമായ വില വ്യത്യാസമില്ലാത്തതിനാൽ ഒട്ടുപാലാക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

പുത്തൻ പ്രതീക്ഷ

വിട്ടു നിൽക്കുന്ന ടയർ വ്യവസായികൾ ഫെബ്രുവരിയോടെ വിപണിയിലിറങ്ങും

റബറിന്റെ ഷോർട്ടേജ് അടുത്തമാസങ്ങളിൽ വിലകൂട്ടിയേക്കും

ചൈനയിലെ ഉത്പാദനക്കുറവ് കയറ്റുമതിക്കാർക്ക് ഗുണകരം

മുംബയിൽ നിന്നുള്ള കമ്പനി കേരള മാർക്കറ്റിലേയ്ക്ക് ശ്രദ്ധയൂന്നുന്നത്

ആർ.എസ്.എസ് 4 വില

 2020: 141

2021: 180 2022: 130

2023: 134.50

 സംസ്ഥാനത്ത് 12 ലക്ഷം ചെറുകിട കർഷകർ

.............................................................

'' ഒറ്റയടിക്ക് കുതിച്ചില്ലെങ്കിലും നേരിയ വില വർദ്ധന തുടർന്നുണ്ടാകും. സീസണിലെങ്കിലും ഇറക്കുമതി ഒഴിവാക്കണം. കാമ്പൗണ്ട് റബറിന്റെയും ഇറക്കുമതി ഒഴിവാക്കിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ല''

ബിജു പി. തോമസ്. ട്രഷർ, ഇന്ത്യൻ റബർ ഡീലേഴ്‌സ് ഫെഡറേഷൻ