അണ്ടർ 19 വനിതാ ക്രിക്കറ്റ് ഇന്ത്യയ്ക്ക് രണ്ടാം ജയം
Tuesday 17 January 2023 10:09 PM IST
ബെനോനി : ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 വനിത ട്വന്റി ട്വന്റി ലോകകപ്പിൽ രണ്ടാം ജയവുമായി ഇന്ത്യ. കഴിഞ്ഞ മത്സരത്തിൽ യു.എ.ഇയെ 122 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ക്യാപ്ടൻ ഷഫാലി വെർമയുടെയും ശ്വേത സെഹ്രാവത്തിന്റെയും മികവിൽ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്ത ഇന്ത്യക്കെതിരേ യു.എ.ഇക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുക്കാനേ സാധിച്ചുള്ളൂ.
34 പന്തിൽ നാല് സിക്സും 12 ഫോറും ഉൾപ്പെടെ 78 റൺസെടുത്ത ഷഫാലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശ്വേത 49 പന്തിൽ 10 ബൗണ്ടറികളോടെ 74 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് ഓപ്പണിംഗിൽ 51 പന്തിൽ 111 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 29 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 49 റൺസെടുത്ത റിച്ച ഘോഷും ഇന്ത്യയ്ക്കായി തിളങ്ങി.