കന്നുകാലി ചർമ്മമുഴ: വാക്സിനേഷൻ യജ്ഞം ഇന്നു മുതൽ
പത്തനംതിട്ട : കന്നുകാലികളെ ബാധിക്കുന്ന ചർമമുഴ രോഗം (ലംപി സ്കിൻ ഡിസീസ്) നിയന്ത്രിക്കുന്നതിനുള്ള വാക്സിനേഷൻ യജ്ഞം ഇന്നു മുതൽ ജില്ലയിൽ ആരംഭിക്കും. വാക്സിനേഷൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഓമല്ലൂർ ഐമാലി ക്ഷീരോത്പാദക സഹകരണസംഘം ഓഡിറ്റോറിയത്തിൽ രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിക്കും. 20 ദിവസംകൊണ്ട് യജ്ഞം പൂർത്തിയാക്കും. ജില്ലയിൽ ഏകദേശം 6100 കന്നുകാലികൾക്ക് കുത്തിവയ്പ് നൽകാനാണ് ലക്ഷ്യമിടുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ ഉദ്യോഗസ്ഥരടങ്ങുന്ന 105 സ്ക്വാഡുകൾ എല്ലാ കർഷക ഭവനങ്ങളിലും എത്തി കന്നുകാലികൾക്ക് കുത്തിവയ്പ് സൗജന്യമായി നൽകും. പ്രത്യേകമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചുകൊണ്ടാകും കുത്തിവയ്പ് നൽകുക. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.കെ.ജ്യോതിഷ് ബാബു , ചീഫ് വെറ്ററിനറി ഓഫീസർ ഡോ.രാജേഷ് ബാബു, പി.ആർ.ഒ ഡോ.എബി കെ. ഏബ്രഹാം, ഡോ.എം.ജി. ജാനകിദാസ്, ഡോ.വാണി ആർ.പിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.