ചവറയിൽ എൻ.ഐ.എ റെയ്ഡ്, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

Wednesday 18 January 2023 12:00 AM IST

കൊല്ലം: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് ചവറയിൽ എൻ.ഐ.എ റെയ്ഡ്. ചവറ മുക്കുത്തോട് സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിലെടുത്തു.

പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിയിൽ പങ്കെടുത്തതും വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളും വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് മുക്കുത്തോട് സ്കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സാദിഖിന്റെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസി എത്തിയത്.

ചവറ പൊലീസിന്റെ സഹായവും ലഭിച്ചിരുന്നു. റെയ്ഡിന് തൊട്ടുമുമ്പാണ് പൊലീസിന്റെ സഹായം തേടിയത്.

വിശദാംശങ്ങൾ പൊലീസിനോട് പങ്കുവയ്ക്കാൻ എൻ.ഐ.എ തയ്യാറായില്ല. റെയ്ഡ് നാലര മണിക്കൂർ നീണ്ടുനിന്നു. ചവറയിൽ ഒട്ടോറിക്ഷ ഡ്രൈവറായിരുന്ന സാദിഖ് ഇപ്പോൾ പഴക്കച്ചവടം നടത്തിവരികയായിരുന്നു. കഴിഞ്ഞമാസം 29നും കൊല്ലത്ത് എൻ.ഐ.എ സംഘം പരിശോധന നടത്തിയിരുന്നു. കരുനാഗപ്പള്ളി, ചക്കുവള്ളി, ഓച്ചിറ എന്നിവിടങ്ങളിലായിരുന്നു അന്ന് റെയ്ഡ്.