ജി.എസ്.ടി പുനഃസംഘടന: പ്രഖ്യാപനം നാളെ

Wednesday 18 January 2023 12:00 AM IST

തിരുവനന്തപുരം:പുനഃസംഘടിപ്പിച്ച സംസ്ഥാന ജി.എസ്.ടി സംവിധാനത്തിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് നാലരയ്ക്ക് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

പുനഃസംഘടിപ്പിക്കുന്നതോടെ രണ്ട് തരത്തിലുള്ള മാറ്റം നിലവിൽ വരും.ഒാഡിറ്റ് അനുസരിച്ചായിരിക്കും വ്യാപാരികളുടെ നികുതിബാദ്ധ്യത നിർണ്ണയിക്കുക. വ്യാപാരികളുടെ ജി.എസ്.ടി രജിസ്ട്രേഷൻ അപേക്ഷകളുടെ പരിശോധനയും തീർപ്പും കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും.ജി.എസ്.ടി വിഭാഗത്തെ ഒാഡിറ്റ്,എൻഫോഴ്സ്മെന്റ് ആൻഡ് ഇന്റലിജൻസ്,നികുതിസേവനം എന്നിങ്ങിനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചായിരിക്കും പ്രവർത്തനം. ജി.എസ്.ടി നിലവിൽ വന്നശേഷം രാജ്യത്ത് ആദ്യമായാണ് ഒരുസംസ്ഥാനത്ത് നികുതി നിർവ്വഹണ സംവിധാനം പൂർണ്ണമായി പുനഃസംഘടിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.പ്രഖ്യാപന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,വി.ശിവൻകുട്ടി,ആന്റണിരാജു,ജി.ആർ.അനിൽ തുടങ്ങിയവരും വ്യാപാര,വ്യവസായ പ്രതിനിധികളും പങ്കെടുക്കും.