റാവുവുമായി ഐക്യം: മുഖ്യമന്ത്രി ഇന്ന് ഹൈദരാബാദിൽ

Wednesday 18 January 2023 12:00 AM IST

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവുമായുള്ള രാഷ്ട്രീയ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ സൂചനകൾ നൽകി മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഇന്ന് തെലങ്കാനയിൽ രണ്ട് ചടങ്ങുകളിൽ സംബന്ധിക്കും.

തെലങ്കാന സർക്കാരിന്റെ കണ്ണ് പരിശോധനാ പരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും , പാർട്ടി ബഹുജന റാലിയിലും പങ്കെടുക്കാനായി മുഖ്യമന്ത്രി ഇന്ന് ഉച്ചയ്ക്ക് മുമ്പ് ഹൈദരാബാദിലേക്ക് തിരിക്കും. ഖമ്മത്താണ് പരിപാടി. ഉച്ചയ്ക്ക് 1.15ന് സർക്കാരിന്റെ പരിപാടിയും 3.30ന് റാലിയുമാണ്. ഇന്ന് ചേരേണ്ട മന്ത്രിസഭായോഗം നാളത്തേക്ക് മാറ്റി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പാർട്ടിയുടെ വേദി വിശാലമാക്കുന്നതിന്റെ ഭാഗമായി തെലങ്കാന രാഷ്ട്ര സമിതിയെ ഭാരത് രാഷ്ട്ര സമിതിയെന്ന് ചന്ദ്രശേഖർ റാവു പുനർനാമകരണം ചെയ്തിരുന്നു.ഖമ്മത്തെ പരിപാടിക്ക് ശേഷം വൈകിട്ട് നാലരയോടെ മുഖ്യമന്ത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തും. നാളെ രാവിലെ ചേരുന്ന മന്ത്രിസഭായോഗം ഗവർണറുടെ നയപ്രഖ്യാപനത്തിന്റെ കരട് ചർച്ച ചെയ്യും.

.