ഭാര്യവീട്ടുകാർ തല്ലിക്കൊന്നു

Tuesday 17 January 2023 11:04 PM IST

വൈപ്പിൻ: അമ്മായി അച്ഛനും അളിയനും ചേർന്ന് എളങ്കുന്നപ്പുഴ ബീച്ചിൽ യുവാവിനെ തല്ലിക്കൊന്നു. സൗത്ത് പുതുവൈപ്പ് കുറുപ്പംകടവ് വീട്ടിൽ ബിബിൻ ബാബുവാണ് (34) കൊല്ലപ്പെട്ടത്.

ഭാര്യവീട്ടിലെത്തി പതിവായി വഴക്കുണ്ടാക്കുന്ന ബിബിൻ ബാബു ഇന്നലെ ഉച്ചയോടെ ഭാര്യാപിതാവ് കാരോത്ത് സതീശനെയും (50) മകൻ വിഷ്ണുവിനെയും (28) ആക്രമിച്ചു. ഇവർ പ്രതിരോധിച്ചപ്പോഴാണ് ബിബിൻ ബാബുവിന് ഗുരുതരമായി പരിക്കേറ്റത്. ഞാറക്കൽ പൊലീസെത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മർദ്ദനത്തിൽ പരിക്കേറ്റ സതീശനും വിഷ്ണുവും ജനറൽ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ഭർതൃഗൃഹത്തിലെ വഴക്കും ബഹളവും മർദ്ദനവും കാരണം ബിബിന്റെ ഭാര്യ മിനിമോൾ എളങ്കുന്നപ്പുഴ ബീച്ചിലെ സ്വന്തം വീട്ടിലായിരുന്നു. രണ്ടുമക്കളും ഇവർക്കൊപ്പമാണ്. സംഭവം നടക്കുമ്പോൾ ഇവരും വീട്ടിലുണ്ടായിരുന്നു. ഇവരെ തിരിച്ചുകൊണ്ടുപോകാനാണ് ബിബിൻ എത്തിയതെന്ന് പറയുന്നു. ഇരുമ്പുവടികൊണ്ടുള്ള അടിയാണ് മരണകാരണമെന്നാണ് പ്രാഥമികസൂചനയെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളായ ബാബുവും ആശയും ബിബിന്റെ ശല്യം കാരണം വാടകവീട്ടിലാണ് താമസം. കാൻസർ രോഗിയായ പിതാവിനെയും ഇയാൾ മർദ്ദിക്കുമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇന്ന് സംസ്‌കരിക്കും.