പറവൂരിൽ ഹോട്ടൽ ഭക്ഷണം കഴിച്ച 70ലേറെ പേർക്ക് ഭക്ഷ്യവിഷ ബാധ

Wednesday 18 January 2023 2:26 AM IST

പറവൂർ: ഭക്ഷ്യവിഷബാധകൾ സംസ്ഥാനത്തെ പരിഭ്രാന്തിയിലാക്കിയിരിക്കേ, എറണാകുളം, തൃശൂർ ജില്ലാതിർത്തിയിലെ പറവൂരിൽ അറേബ്യൻ മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ

രണ്ട് കുട്ടികളടക്കം ഏഴുപതിലേറെപ്പേർ ചികിത്സ തേടി. കുഴിമന്തി, അൽഫാം, ഷവായ്, ബിരിയാണി എന്നിവ കഴിച്ചവരാണ് എല്ലാവരും.

കെടാമംഗലം സ്വദേശികളായ സ്ത്രീയടക്കം ആറു പേർ ഛർദ്ദിയും വയറിളക്കവുമായി ഇന്നലെ രാവിലെ താലൂക്കാശുപത്രിയിൽ ചികിത്സയ്ക്കെത്തി. പിന്നാലെ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ്, ഡോൺബോസ്കോ, കെ.എം.കെ, ആശുപത്രികളിലും തൃശൂർ ഒല്ലൂക്കര, മാള, കോഴിക്കോട്, വൈപ്പിൻ എന്നിവിടങ്ങളിലെ ആശുപത്രികളിലും നിരവധിപേർ ചികിത്സ തേടുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. അഞ്ചു പേരെ കളമശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എല്ലാവരും തിങ്കളാഴ്ച വൈകിട്ടും രാത്രിയിലുമായി മുനിസിപ്പൽ കവലയിലെ അറേബ്യൻ മജ്ലിസിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ്. പത്തു പേർ കുന്നുകര എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ ബി.ടെക് വിദ്യാർത്ഥികളാണ്. ഇവർക്ക് ഇന്നലെ നടന്ന സെമസ്റ്റർ പരീക്ഷയെഴുതാൻ സാധിച്ചില്ല. പറവൂർ താലൂക്കാശുപത്രിയിൽ അഞ്ചു പേർ ചികിത്സയിലുണ്ട്.

ഹോട്ടലുടമ വെടിമറ സ്വദേശി സിയാ മുഹമ്മദ് ഉൾ ഹഖ് ഒളിവിലാണ്. ചീഫ് കുക്ക് കാസർകോട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പറവൂർ പൊലീസ് ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ചേന്ദമംഗലം കവലയിൽ ആറു വർഷം മുമ്പ് സിയാ മുഹമ്മദ് ഉൾഹഖ് ആദ്യം മജ്ലിസ് എന്ന പേരിൽ ഹോട്ടൽ തുടങ്ങിയിരുന്നു. രണ്ടു വർഷം മുമ്പ് മുനിസിപ്പൽ കവലയിൽ അറേബ്യൻ മജ്ലിസ് തുടങ്ങിയതോടെ ആദ്യ ഹോട്ടൽ ബന്ധുവിന് കൈമാറി. മജ്ലിസിൽ നിന്നാണ് കളർ ചേർത്ത ചായപ്പൊടി ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം കഴിഞ്ഞദിവസം പിടിച്ചെടുത്തത്. ലൈസൻസില്ലെന്ന് കണ്ടെത്തി ഇത് പൂട്ടുകയും ചെയ്തിരുന്നു.

ആർ.ഡി.ഒ ബി. പത്മചന്ദ്രക്കുറുപ്പ്, തഹസിൽദാർ കെ.എൻ. അംബിക, നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി തുടങ്ങിയവർ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചു.

വിവരം കൈമാറാൻ വൈകി

ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് യുവാക്കളാണ് ഇന്നലെ രാവിലെ ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിലെത്തിയത്. തൊട്ടുപിറകെ സ്ത്രീയും മറ്റു രണ്ടു പേരും വന്നു. എന്നാൽ പതിനൊന്ന് മണിക്ക് ശേഷമാണ് താലൂക്കാശുപത്രിയിൽനിന്ന് വിവരം പറവൂർ നഗരസഭാ ആരോഗ്യവിഭാഗത്തെ അറിയിച്ചത്. ഇതിനു മുമ്പു തന്നെ നഗരസഭാ സെക്രട്ടറി ഹോട്ടൽ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. ഹെൽത്ത് സൂപ്രണ്ട് ആർ. ബിനോയുടെ നേതൃത്വത്തിൽ പതിനൊന്നരയോടെ ഹോട്ടൽ സീൽ ചെയ്തു. പിന്നീട് ജില്ലാ ഭക്ഷ്യസുരക്ഷാവിഭാഗം സാമ്പിൾ ശേഖരിച്ചു. ഇതിനിടെ ,ഹോട്ടലിൽ നിന്ന് സാധനങ്ങൾ നീക്കം ചെയ്തതായും സംശയിക്കുന്നു..