ശബരിമല: കേടായ നോട്ട് സ്വീകരിക്കില്ലെന്ന് ബാങ്ക് #എണ്ണാത്തവയിൽ കഴിഞ്ഞ വർഷത്തെ കാണിക്കയും

Wednesday 18 January 2023 2:35 AM IST

ശബരിമല: ശബരിമലയിലെ പഴയ ഭണ്ഡാരത്തിൽ എണ്ണിത്തിട്ടപ്പെടുത്താതെ നശിച്ച ലക്ഷങ്ങളുടെ നോട്ടുകൾ മാറ്റിനൽകാനാവില്ലെന്ന് ധനലക്ഷ്മി ബാങ്ക് .

ഇന്നലെ എണ്ണിമാറ്റിയതിലെ കേടായ ഒരു ലക്ഷത്തോളം രൂപ സന്നിധാനത്തെ ബാങ്ക് ശാഖയിൽ എത്തിച്ചു. ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് രൂപ ഇനിയുമുണ്ട്.

കറപിടിച്ച് നമ്പറുകൾ മാഞ്ഞതും ദ്രവിച്ചതുമായതിനാൽ ബാങ്ക് നിരസിക്കുകയായിരുന്നു. ആർ.ബി.ഐയുടെ മാനദണ്ഡമനുസരിച്ച് യഥാർത്ഥമൂല്യം നൽകാൻ കഴിയില്ലെന്നാണ് ബാങ്കിന്റെ നിലപാട്. കറയും അഴുക്കും പിടിച്ച നോട്ടുകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാനാണ് ബോർഡ് ഇപ്പോൾ ശ്രമിക്കുന്നത് .

പണം എണ്ണുന്നത് ഇന്നലെ മുതൽ വേഗത്തിലാക്കി.ഒരു സ്‌പെഷ്യൽ ഓഫീസറുടെയും 15 അസിസ്റ്റന്റുമാരുടെയും നേതൃത്വത്തിലാണ് പണം എണ്ണുന്നത്

കാണിക്കപ്പണമായി ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ എണ്ണി മാറ്റാത്തത് മൂലം നശിച്ചതായി കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ഇരുമുടിക്കെട്ട് നിറയ്ക്കുമ്പോൾ വെറ്റിലയ്ക്കും അടയ്ക്കക്കുമൊപ്പം നോട്ടോ നാണയമോ രണ്ടുംചേർത്തോ തുണിയിൽ കെട്ടിയാണ് കാണിക്കപ്പണം തയ്യാറാക്കുന്നത്.കഴിഞ്ഞ മണ്ഡലകാലത്തെ കാണിക്കപ്പണത്തിലെ ഒരുഭാഗവും പഴയ ഭണ്ഡാരത്തിൽ കെട്ടികിടക്കുകയായിരുന്നു.

വിജിലൻസ് അറിയിച്ചിട്ടും

എക്സി.ഓഫീസർ ഗൗനിച്ചില്ല

പഴയ ഭണ്ഡാരത്തിൽ കാണിക്കപ്പണം നശിക്കുന്നത് ചൂണ്ടിക്കാട്ടി എക്സിക്യൂട്ടീവ് ഓഫീസർക്ക് പലകുറി റിപ്പോർട്ട് നൽകിയിരുന്നതായി ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സിക്യൂട്ടീവ് ഓഫീസറെ ഭണ്ഡാരത്തിലേക്ക് വിളിച്ചുവരുത്തി നേരിട്ട് ബോദ്ധ്യപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ദേവസ്വം കമ്മിഷണർക്കും പ്രസിഡന്റിനും റിപ്പോർട്ട് നൽകി. മുൻ ഭണ്ഡാരം സ്പെഷ്യൽ ഓഫീസറായ ജയകുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് റിപ്പോർട്ടും നൽകിയിരുന്നു. ജയകുമാർ മാറിയ ശേഷമാണ് നോട്ടെണ്ണലിന് കുറച്ചെങ്കിലും പുരോഗതിയുണ്ടായത്.

എണ്ണിയത് വലിയ നോട്ടുകൾ

മഹാകാണിക്കയിലെ 100 മുതൽ 2000 വരെയുള്ള നോട്ടുകൾ മാത്രമാണ് എണ്ണിയത്. ചെറിയ നോട്ടുകൾ മാറ്രിവച്ചിരിക്കുകയാണ് .ഭക്തരുടെ കാണിക്ക ശേഖരിച്ച് ദിനംപ്രതി 100 മുതൽ 150 ചാക്ക് വരെ പണമാണ് മഹാകാണിക്കയിൽ എത്തിയിരുന്നത്. ഇതിൽ തുണിയിൽ കെട്ടിയുള്ള കാണിക്കപ്പണവും ഉണ്ടായിരുന്നു. ഇത് അഴിച്ച് എണ്ണാനുള്ള സാവകാശമില്ലാത്തതിനാൽ പഴയ ഭണ്ഡാരത്തിൽ കൊണ്ടിടുകയായിരുന്നു. നശിച്ച നോട്ടുകളുടെ എണ്ണം കൂടാൻ ഇതും കാരണമായി. ഭണ്ഡാരത്തിൽ പരിചയ സമ്പന്നരായ ജീവനക്കാരെ വേണ്ടത്ര നിയമിക്കാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.