കോർപ്പറേഷൻ രേഖകളില്ലാത്ത 13 അക്കൗണ്ടുകൾ

Wednesday 18 January 2023 12:34 AM IST
corp

കോഴിക്കോട്: കോർപ്പറേഷന്റെ ആന്വൽ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്താത്ത 13 അക്കൗണ്ടുകൾ സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയ്ക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം ഉള്ളത്. 2021 - 22 വാർഷിക ധനകാര്യ പത്രികയിൽ ഉൾപ്പെടുത്തിയ 60 അക്കൗണ്ടുകൾക്ക് പുറമെയാണ് ആന്വൽ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്താത്ത 13 അക്കൗണ്ടുകൾ കൂടിയുണ്ടെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

വിവിധ ബാങ്കുകളിലെ 13 അക്കൗണ്ടുകളിലായി 20 കോടിയിലധികം തുക നിക്ഷേപിച്ചിട്ടുണ്ട്. മുഴുവൻ അക്കൗണ്ടുകളും വാർഷിക കണക്കിൽ ഉൾപ്പെടുത്താത്ത സാഹചര്യത്തിൽ കഴിഞ്ഞകാല ബഡ്ജറ്റും വാർഷിക വരവ് ചെലവ് കണക്കുകളും തട്ടിപ്പാണെന്ന് തെളിയുകയാണെന്ന് ശോഭിത ചൂണ്ടിക്കാട്ടി. കുടുംബശ്രീയുടെ പേരിലാണ് ഇവയിൽ മിക്ക അക്കൗണ്ടുകളും യാതൊരു കണക്കുകളും ഇല്ലാതെയാണ് കുടുംബശ്രീ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് ദുരൂഹമാണ്. കുടുംബശ്രീ കണക്കുകൾ ഇപ്പോൾ ഓഡിറ്റിന് വിധേയമല്ല.

കുടുംബശ്രീ അക്കൗണ്ടുകളിൽ വൻതട്ടിപ്പ് നടന്ന സാഹചര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് കെ.സി. ശോഭിത ആവശ്യപ്പെട്ടു. പഞ്ചാബ് നാഷണൽ ബാങ്കിലെ തട്ടിപ്പുമായി കോർപ്പറേഷൻ ഭരണകൂടത്തിനും പ്രമുഖ ഉദ്യോഗസ്ഥന്മാർക്കും പങ്കുണ്ടെന്ന് സംശയം ബലപ്പെടുകയാണ്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോർപ്പറേഷൻ അക്കൗണ്ടുകൾ മാറ്റുകയാണെന്ന് മേയർ പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും അതിനുള്ള ശ്രമം ഉണ്ടാവുന്നില്ല. ഇത് സംശയകരമാണെന്ന് അവർ വ്യക്തമാക്കി.

പത്ത് കോടി കൈകാര്യം ചെയ്യുന്ന പഞ്ചായത്തുകളിൽ പോലും ഓഡിറ്റ് വിഭാഗവും ധനകാര്യ മാനേജ്മെന്റും വിപുലമായി നടത്തുമ്പോൾ പ്രതിവർഷം 500 കോടിയുടെ ഇടപാട് നടക്കുന്ന കോർപ്പറേഷനിൽ കേവലം രണ്ട് ക്ലാർക്ക് മാത്രമാണുള്ളത്. അക്കൗണ്ടുകളിൽ പ്രതിദിനം വരുന്ന തുക വകതിരിച്ച് കാണാൻ ഗവേഷണം നടത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. എല്ലാ വരവ് ചെലവുകളും അതത് ദിവസം തന്നെ ബാങ്ക് ബുക്കിൽ രേഖപ്പെടുത്തേണ്ടതാണ്. പ്രതിമാസം കണക്കെടുപ്പ് നടത്തി പരിശോധനയ്ക്ക് ഓഡിറ്റ് വിഭാഗത്തെ ഏൽപ്പിക്കണം സാമ്പത്തിക മാനേജ്‌മെന്റിലെ പാളിച്ചകളെക്കുറിച്ച് നിരന്തരം ഓഡിറ്റ് വിഭാഗം ഭരണസമിതിയെയും സെക്രട്ടറിയെയും അറിയിച്ചിട്ടും അവയിൽ ഒന്നിനും നടപടി സ്വീകരിക്കാനോ തിരുത്താനോ തയ്യാറാകാത്ത സമീപനം ദുരൂഹത നിറഞ്ഞതും സംശയം ബലപ്പെടുത്തുന്നതുമാണെന്ന് ശോഭിത ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാരും കോർപ്പറേഷനും തയറാകണമെന്നും അവർ ആവശ്യപ്പെട്ടു.