പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് നിര്യാതയായി

Wednesday 18 January 2023 12:00 AM IST

തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാനും മുൻമന്ത്രിയുമായ പി.ജെ.ജോസഫ് എം.എൽ.എയുടെ ഭാര്യ ആരോഗ്യ വകുപ്പ് റിട്ട. അഡി.ഡയറക്ടർ ഡോ. ശാന്താ ജോസഫ് (79) നിര്യാതയായി. കരൾ സംബന്ധമായ അസുഖത്തെ തുട‌ർന്ന് തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അന്ത്യം.

വരാപ്പുഴ പുത്തൻപള്ളി മേനാച്ചേരി കുടുംബാംഗമാണ്. പൊതുദർശനം ഇന്ന് വൈകിട്ട് നാലു മുതൽ പുറപ്പുഴയിലെ വസതിയിൽ. നാളെ രാവിലെ 11.30ന് സംസ്‌കാര ശുശ്രൂഷ. തുടർന്ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരി കുടുംബക്കല്ലറയിൽ സംസ്കാരം.

1968ൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി. ആദ്യ നിയമനം പുറപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു. പണ്ടപ്പിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം, മൂവാറ്റുപുഴ താലൂക്ക് ആശുപത്രി, തൊടുപുഴ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഗൈനക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ചു. ദീർഘകാലം തൊടുപുഴ താലൂക്ക് ആശുപത്രി സൂപ്രണ്ടായിരുന്നു. ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്ടറായി 1999ലാണ് വിരമിച്ചത്.

മക്കൾ: അപു ജോൺ ജോസഫ്, ഡോ. അനു യമുന ജോസഫ്, ആന്റണി ജോസഫ്, പരേതനായ ജോമോൻ ജോസഫ്. മരുമക്കൾ: ഡോ. അനു ജോർജ് (കട്ടിക്കാരൻ, കോയമ്പത്തൂർ), ഡോ. ജോ ജോസഫ് (മുണ്ടയ്ക്കൽ, കോതമംഗലം), ഉഷ ആന്റണി (പുത്തേട്ട്, പാല).