സാഫി ഇൻസ്റ്റിറ്റ്യൂട്ടിന് നാക് എ പ്ലസ് പ്ലസ് ഗ്രേഡ്

Wednesday 18 January 2023 12:09 AM IST

വാഴയൂർ: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര ഏജൻസിയായ നാഷണൽ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ഏറ്റവും ഉയർന്ന അംഗീകരമായ എ പ്ലസ് പ്ലസ് ഗ്രേഡ് നേടി വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. കേരളത്തിൽ ഈ അംഗീകാരം നേടുന്ന ആദ്യ സ്വാശ്രയ സ്ഥാപനമെന്ന നേട്ടമാണ് സാഫി നേടിയത്. 3.54 പോയന്റ് നേടിയാണ് സാഫി ഉന്നത വിദ്യാഭ്യാസ മേഖലയിൽ അഭിമാനമായതെന്ന് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു.

സാഫിയുടെ സർവതോന്മുഖമായ വളർച്ചയിലും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ നിരവധി പദ്ധതികളുടെ നടത്തിപ്പിലും കോളേജ് ബദ്ധശ്രദ്ധരാണെന്ന് പ്രിൻസിപ്പൽ പ്രൊഫ. ഇ.പി.ഇമ്പിച്ചിക്കോയ പറഞ്ഞു. സാമൂഹ്യരംഗത്ത് വ്യത്യസ്ത മേഖലകളിൽ പ്രാതിനിധ്യം വഹിക്കാൻ ശേഷിയുള്ള, നേതൃപാഠവമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്ന 'ലീഡേഴ്സ് അക്കാദമി' സാഫിയുടെ സവിശേഷ പദ്ധതിയാണ്. അടിസ്ഥാന സൗകര്യ വികസനം, അദ്ധ്യാപക പഠനമേഖലയിലെ സാങ്കേതിക നൈപുണ്യ വികസനം, ഗവേഷണ പദ്ധതികൾ തുടങ്ങിയ മേഖലകൾക്ക് ഇനി പ്രത്യേക പരിഗണന നൽകുമെന്ന് സാഫി ട്രാൻസ്ഫർമേഷൻ കമ്മിറ്റി പ്രസിഡന്റ് സി.എച്ച്.അബ്ദുൽ റഹീം പറഞ്ഞു.