വില്ലേജ് ഓഫീസിലെ ടെലിവിഷൻ കാണാതായതായി പരാതി

Wednesday 18 January 2023 12:17 AM IST

അഞ്ചൽ: സ്മാർട്ട് വില്ലേജിന്റെ ഭാഗമായി ആയിരനല്ലൂർ വില്ലേജ് ഓഫീസിൽ സ്ഥാപിച്ചിരുന്ന ടെലിവിഷൻ സെറ്റ് കാണാനില്ലെന്ന് പരാതി. ടെലിവിഷൻ കാണാതായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഇത് കണ്ടെത്തുന്നതിന് യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല. ടെലിവിഷൻ കാണാതായ സമയത്ത് നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫീസറെ തൊട്ടടുത്ത മണ്ഡലത്തിലേക്ക് അടുത്തിടെ സ്ഥലം മാറ്റുകയും പുതിയ വില്ലേജ് ഓഫീസർ ചുമതലയേൽക്കുകയും ചെയ്തിരുന്നു. ടെലിവിഷനെ കുറിച്ച് നാട്ടുകാർ അന്വേഷിച്ചപ്പോൾ റിപ്പയറിംഗിന് കൊണ്ടുപോയതായാണ് വില്ലേജ് അധികൃത‌‌ർ പറഞ്ഞിരുന്നത്. എന്നാൽ അന്വേഷണത്തിൽ ഇത് കളവാണെന്ന് തെളിഞ്ഞതോടെ ഇതേകുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉയർന്ന റവന്യൂ ഉദ്യോഗസ്ഥർക്ക് പരാതി നൽകി. എന്നിട്ടും നടപടി ഉണ്ടാകാത്തതിനാൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. ആദിവാസികളും തോട്ടം തൊഴിലാളികളും ധാരാളമുള്ള പ്രദേശമാണ് ആയിരനല്ലൂർ.