തിരഞ്ഞെടുപ്പുവരെ നദ്ദ നയിക്കും
ന്യൂഡൽഹി:അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് 2024 ജൂൺ വരെ
ബി.ജെ.പി ദേശീയ അദ്ധ്യക്ഷ സഥാനത്ത് ജെ.പി നദ്ദ തുടരുന്നതിന്,ഡൽഹിയിൽ നടന്ന
പാർട്ടി ദേശീയ നിർവാഹക സമിതി യോഗം അംഗീകാരം നൽകി. അത് വരെ സംഘടനാ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കും.തീരുമാനം യോഗം ഐക്യകണ്ഠേന അംഗീകരിച്ചതായി
മുൻ ദേശീയ അദ്ധ്യക്ഷനും ,കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൊവിഡ് രോഗ വ്യാപന കാലത്തടക്കം പാർട്ടിയെ മികച്ച നിലയിൽ നയിക്കാൻ ജെ.പി നദ്ദയ്ക്ക് കഴിഞ്ഞു. കൊവിഡ് കാലത്ത് ഒട്ടേറെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താനും പാർട്ടിക്ക് സാധിച്ചു. ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും നടന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ഉജ്വലമായ പ്രകടനം കാഴ്ച്ച വയ്ക്കാനായി. വർക്കിംഗ് പ്രസിഡന്റായിരിക്കെ നേടിയ മഹാരാഷ്ട്രയിലെ വിജയത്തിന് പിന്നാലെ, യു.പി പോലുള്ള സംസ്ഥാനങ്ങളിൽ വൻ വിജയം നേടാനുമായി. ബീഹാറിലും വലിയ മുന്നേറ്റം നടത്തി. ഏറ്റവുമൊടുവിൽ ഗുജറാത്തിലും വിജയിച്ചു.സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷന്മാരും തുടരും.
രാജ്യത്തെ ഏറ്റവും ജനാധിപത്യപരമായി സംഘടന പ്രവർത്തനം നടത്തുന്ന പാർട്ടി ബി.ജെ.പിയാണ്. ബൂത്ത് തലം മുതൽ ദേശീയ അദ്ധ്യക്ഷ സ്ഥാനം വരെ പാർട്ടി ഭരണഘടന അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടി അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെയും കീഴിൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 2019 നെക്കാൾ വലിയ വിജയം നേടാൻ പാർട്ടിക്ക് കഴിയുമെന്നും .അമിത് ഷാ പറഞ്ഞു.
2020 ജനുവരി 20 നാണ് ജെ.പി നദ്ദയെ ബി.ജെ.പി അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്.
ഈ വർഷം നടക്കുന്ന ഒമ്പത് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പും നദ്ദയുടെ നേതൃത്വത്തിൽ പാർട്ടി നേരിടും.