ദേശീയപാത 66 ആറുവരിയാകുമ്പോൾ കല്ലുവാതുക്കലിൽ ടോൾ പ്ലാസ

Wednesday 18 January 2023 2:34 AM IST

കൊല്ലം: ദേശീയപാത 66 ആറുവരിപ്പാതയിൽ കല്ലുവാതുക്കലിന് സമീപം പുതിയ ടോൾ പ്ലാസ നിലവിൽ വരും. ഇതോടെ കുരീപ്പുഴയിൽ നിലവിലുള്ള ടോൾ പിരിവ് കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കും.

കല്ലുവാതുക്കൽ പഞ്ചായത്ത് ഗവ. ഹൈസ്കൂളിന് സമീപമാകും പുതിയ ടോൾ പ്ലാസ. 900 മീറ്റർ നീളത്തിലാകും ടോൾ പ്ലാസ പ്രവർത്തിക്കുക. ഇതിനിടയിൽ രണ്ട് വശങ്ങളിലായാകും ഇരുദിശങ്ങളിലെയും വാഹനങ്ങളുടെ ടോൾ പിരിവ്. ടോൾ പ്ലാസയോട് ചേർന്നുള്ള സ്ഥലങ്ങളിൽ സർവീസ് റോഡ് ഉണ്ടാകും. എന്നാൽ ഇരുദിശകളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ടോൾ പിരിവിൽ നിന്ന് രക്ഷപെടാൻ സർവീസ് റോഡ് വഴി സഞ്ചരിക്കാനാകില്ല. ഇരുവശങ്ങളിൽ നിന്നും സർവീസ് റോഡ് വഴി കടന്നുവരുന്ന വാഹനങ്ങൾ നിശ്ചിത ടോൾ പ്ലാസയിൽ നിന്ന് നിശ്ചിത ദൂരത്തിൽ വച്ച് ആറുവരിപ്പാതയിലേക്ക് പ്രവേശിക്കേണ്ടി വരും. പ്രദേശവാസികൾക്ക് ആറുവരിപ്പാതയിലേക്ക് പ്രവേശിക്കാൻ മാത്രമേ ടോൾ പ്ലാസയോട് ചേർന്നുള്ള സർവീസ് റോ‌ഡ് ഉപകരിക്കൂ.

50 കിലോ മീറ്റർ ദൂരത്തിലാണ് ദേശീയപാതയിൽ ടോൾ പിരിവ് ഉണ്ടാവുക. കല്ലുവാതുക്കലിൽ ടോൾ പ്ലാസ വരുന്ന സാഹചര്യത്തിൽ ജില്ലയിൽ മറ്റെങ്ങും ടോൾ പിരിവ് ഉണ്ടാകില്ല.

പിരിച്ചെടുക്കുക 2500 കോടി

50 കിലോ മീറ്റർ ദൂരത്തിലെ ദേശീയപാത വികസനത്തിന് ആകെ ചെലവായ തുകയാകും അതാതിടങ്ങളിലെ ടോൾ കേന്ദ്രങ്ങളിലൂടെ പിരിക്കുക. 1250 കോടിയുടേതാണ് 31.5 കിലോമീറ്റർ നീളം മാത്രമുള്ള കാവനാട്- കടമ്പാട്ടുകോണം റീച്ചിന്റെ നിർമ്മാണ കരാർ. പുതിയ ഫ്ലൈ ഓവറുകൾ അടക്കം വരുമ്പോൾ നിർമ്മാണ ചെലവ് 1350 കോടിയിലേക്ക് ഉയരും. കാവനാട് - കടമ്പാട്ടുകോണം റീച്ചിൽ സ്ഥലമേറ്റെടുക്കലിനും കെട്ടിടങ്ങൾക്കുമുള്ള നഷ്ടപരിഹാര വിതരണത്തിനായി ഏകദേശം 1015 കോടി ചെലവായിട്ടുണ്ട്. ഇതിന്റെ 25 ശതമാനം മാത്രമാണ് സംസ്ഥാനം വഹിച്ചിട്ടുള്ളത്. ബാക്കി തുകയും പിരിക്കേണ്ട ടോൾ തുകയിൽ ഉൾപ്പെടും. ഇതിന് പുറമേ ഇരുവശങ്ങളിലെയും പത്ത് കിലോ മീറ്റർ ദൂരത്തിലെ ചെലവ് കൂടി ചേർത്ത് ഏകദേശം 2500 കോടിയെങ്കിലും കല്ലുവാതുക്കലിലെ ടോൾ കേന്ദ്രത്തിലൂടെ നിശ്ചിതകാലത്തിനിടയിൽ പിരിച്ചെടുക്കും.

ഇരുചക്രവാഹനങ്ങൾക്ക് ടോൾ ഉണ്ടാകില്ല. സമീപവാസികൾക്ക് പാസ് മുഖനേ ഇളവിനും സാദ്ധ്യതയുണ്ട്.