പൊലീസ് സ്റ്റേഷനിലെ ബാത്ത്‌റൂമിൽ കയറി ഉടുമുണ്ട് അഴിച്ച് ജനലിൽ തൂങ്ങി; യുവാവിന്റെ ആത്മഹത്യാ ശ്രമം

Wednesday 18 January 2023 10:06 AM IST

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാ ശ്രമം നടത്തി യുവാവ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. നെടുമങ്ങാട് മുത്താംകോണം സ്വദേശി മനു (29) ആണ് സ്റ്റേഷനിൽ ബാത്ത്റൂമിനുള്ളിലെ വെന്റിലേഷനിൽ ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് ഇയാൾ ആത്മഹത്യാ ശ്രമം നടത്തിയത്.

മൂത്രമൊഴിക്കാൻ എന്ന പേരിൽ ബാത്ത്റൂമിൽ കയറിയ മനുവിനെ ഏറെ നേരമായിട്ടും കാണാനില്ലായിരുന്നു. പൊലീസ് വാതിലിൽ മുട്ടിയെങ്കിലും അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ വാതിൽ ചവിട്ടിത്തുറന്ന് നോക്കുമ്പോഴാണ് മനുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ കഴുത്തിലെ കെട്ട് അറുത്ത് മനുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അയൽവാസിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനാണ് മനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. സ്റ്റേഷനിൽ വച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്.

Advertisement
Advertisement