'വലിയ ഓഫറായിരുന്നില്ലേ, അവനോട് ചോദിച്ച് നോക്കിയാൽ അറിയാം എത്രയാണെന്ന്'; ബിഗ് ബോസ് വേണ്ടെന്ന് വയ്‌ക്കാനുണ്ടായ കാരണം വെളിപ്പെടുത്തി മമ്മൂട്ടി
മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നൻപകൽ നേരത്ത് മയക്കം' നാളെയാണ് തീയേറ്ററുകളിലെത്തുന്നത്. ഈ വേളയിൽ കൗമുദി മൂവിസിലൂടെ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടിയടക്കമുള്ള താരങ്ങൾ. ലിജോ ജോസ് പല്ലിശേരിയുടെ സംവിധാന മികവിനെ മമ്മൂട്ടി പ്രശംസിച്ചു. ആയാസ രഹിതമായ സംവിധാനമാണ് പല്ലിശേരിയുടേതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിഗ് ബോസിന്റെ അവതാരകനാകാനുള്ള അവസരം വേണ്ടെന്ന് വയ്ക്കാനുള്ള കാരണവും മമ്മൂട്ടി വ്യക്തമാക്കി. 'നമ്മൾക്കിത് ശരിയാകില്ല. ശ്വാസം മുട്ടും നമ്മൾക്ക്. വലിയ ഓഫറായിരുന്നില്ലേ. അവനോട് ചോദിച്ച് നോക്കിയാൽ അറിയാം എത്രയാണെന്ന്.'- മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം തങ്ങളെ സഹായിച്ചതിനെക്കുറിച്ചുമൊക്കെ ശ്രീനിവാസനും കുഞ്ചനുമൊക്കെ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. 'പൈസ കൊടുത്താലൊന്നും സ്‌നേഹം കിട്ടില്ല, ടാങ്ക്സ് കിട്ടും. സ്‌നേഹം കൊടുത്താൽ സ്‌നേഹം കിട്ടും. നമ്മൾ ഇങ്ങനെ അണച്ച് പിടിക്കുന്നത് പോലും സ്‌നേഹമാണ്.'- മമ്മൂട്ടി പറഞ്ഞു.