നടുറോഡിൽ പകൽ കാട്ടുപന്നിക്കൂട്ടം; ഭയന്ന് യാത്രക്കാർ
Thursday 19 January 2023 12:51 AM IST
കൊപ്പം: മുളയങ്കാവിൽ നടുറോഡിൽ പകൽ സമയം കാട്ടുപന്നിക്കൂട്ടം ഇറങ്ങിയത് നാട്ടുകാരെയും യാത്രക്കാരെയും പരിഭ്രാന്തിയിലാഴ്ത്തി. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെയാണ് റോഡിലേക്ക് അമ്മയും കുഞ്ഞുങ്ങളുമടക്കം 15ഓളം കാട്ടുപന്നികൾ കൂട്ടമായിയിറങ്ങിയത്.
റോഡിലിറങ്ങിയ പന്നിക്കൂട്ടത്തെ കണ്ട് വ്യാപാരികളും യാത്രക്കാരും പേടിച്ചോടി. വാഹനങ്ങൾ നടുറോഡിൽ നിറുത്തിയിട്ട് പലരും ഓടി. കാൽനട യാത്രക്കാർ കടകളിലേക്ക് പാഞ്ഞുകയറി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ടൗണിലെ വാച്ച് കടയുടെ ചില്ല് പന്നികൾ കുത്തി തകർത്തു. വല്ലപ്പുഴ റോഡ് വരെ പോയ പന്നിക്കൂട്ടം വന്ന വഴി മടങ്ങി.
കുലുക്കല്ലൂർ പഞ്ചായത്തിൽ പന്നി ശല്യം രൂക്ഷമാണ്. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. മുളയങ്കാവ് ടൗണിൽ ഇറങ്ങിയ പോലെ പന്നിശല്യം പട്ടാപ്പകൽ പഞ്ചായത്തിലെ പല പ്രദേശങ്ങളിലുമുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു.