മൂർഖനെ പിടികൂടാനായില്ല, അങ്കണവാടി അടച്ചിട്ടു

Thursday 19 January 2023 12:24 AM IST

മണ്ണാർക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ അങ്കണവാടിക്ക് അകത്ത് കണ്ട മൂർഖൻ പാമ്പിനെ പിടികൂടാനായില്ല. പാമ്പ് തറയിലെ മാളത്തിൽ ഒളിച്ചതോടെ അങ്കണവാടി താത്കാലികമായി അടച്ചിട്ടു.

കഴിഞ്ഞ ദിവസം രാവിലെ അങ്കണവാടിയുടെ അടുക്കള വൃത്തിയാക്കുന്നതിനിടെയാണ് ജീവനക്കാരി ചുമരിൽ പാമ്പിനെ കണ്ടത്. ഉടൻ വാർഡംഗത്തെ വിവരമറിയിച്ചു. പിന്നാലെ വനംവകുപ്പ്, ആർ.ആർ.ടി അംഗങ്ങളെത്തി പരിശോധിച്ചപ്പോഴാണ് മൂർഖനാണെന്ന് സ്ഥിരീകരിച്ചത്.

പല വിധത്തിലും വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പാമ്പ് കെട്ടിടത്തിന് പുറത്തേക്ക് പോയതായി ഉറപ്പിക്കാനും സാധിച്ചില്ല. 25ലധികം കുട്ടികൾ എത്തുന്ന അങ്കണവാടിയാണിത്. അപകട സാദ്ധ്യത കണക്കിലെടുത്താണ് അടച്ചിടൽ.

1993ൽ സ്ഥാപിച്ച അങ്കണവാടി കെട്ടിടത്തിന്റെ അവസ്ഥ വളരെ ശോചനീയമാണ്. നിലവിലെ പ്രതിസന്ധി പരിഹരിച്ച ശേഷമേ കുട്ടികളെ പ്രവേശിപ്പിക്കൂ. തത്ക്കാലം പകരം സംവിധാനം ഒരുക്കാനാണ് പഞ്ചായത്തിന്റെ ആലോചന.