ഇനിയും ഇതുവഴി വരുമോ? പട്ടാമ്പിയുടെ വ്യവസായ ഓഫീസെന്ന സ്വപ്നം അകലെ

Thursday 19 January 2023 12:42 AM IST

പട്ടാമ്പി: താലൂക്കിൽ ഒരു വ്യവസായ ഓഫീസെന്ന പട്ടാമ്പിക്കാരുടെ സ്വപ്നം അനന്തമായി നീളുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2013-14ലെ ബഡ്‌ജറ്റിൽ ഓഫീസിന് തുക അനുവദിച്ചെങ്കിലും തുടർപ്രവർത്തനത്തിലെ കാലതാമസം തിരിച്ചടിയായി. ഇതോടെ പട്ടാമ്പിക്ക് ലഭിക്കേണ്ട ഓഫീസ് മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ആരംഭിച്ചു. അധിക സാമ്പത്തിക ബാദ്ധ്യത വരാതെ ജീവനക്കാരെ പുനർവിന്യസിച്ച് ഓഫീസ് തുടങ്ങാനായിരുന്നു ലക്ഷ്യം. പക്ഷേ, സൗകര്യമുള്ള മുറി കിട്ടാത്തത് പ്രതിസന്ധിയായി.

ആറുപതിറ്റാണ്ടിന്റെ പാരമ്പര്യം

വ്യവസായ രംഗത്ത് ആറ് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് പട്ടാമ്പിക്ക്. 1960ൽ ഇ.എം.എസ് പട്ടാമ്പിയുടെ എം.എൽ.എ ആയിരിക്കുമ്പോൾ തന്നെ ഇവിടെ വ്യവസായ ശാലകളുണ്ടായിരുന്നു. തീപ്പെട്ടി, ബീഡി, ഓട് വ്യവസായം എന്നിവ സജീവമായി. ആയിരത്തിലധികം തൊഴിലാളികളും ഉണ്ടായിരുന്നു. പറക്കുളത്തും ആമയൂരിലും വ്യവസായ എസ്റ്റേറ്റുണ്ട്. അവയിൽ പലതും ഇപ്പോഴും വിജയകരമായി പ്രവർത്തിക്കുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം പറക്കുളത്ത് ചിലത് ഏറെക്കാലമായി തുറന്നിട്ടേയില്ല.

ആശ്രയം ഒറ്റപ്പാലം

ഒറ്റപ്പാലത്താണ് നിലവിൽ വ്യവസായ ഓഫീസുള്ളത്. കെ. സിഫ്റ്റ് രജിസ്‌ട്രേഷൻ, സംരംഭം തുടങ്ങൽ, ലൈസൻസ് തുടങ്ങിയവയ്ക്ക് മേഖലയിലുള്ള വ്യവസായികൾക്ക് ഒറ്റപ്പാലത്തെ ഓഫീസിലെത്തണം. 10 കോടി മൂലധനമുള്ള റെഡ് കാറ്റഗറിയിൽ വരാത്ത വ്യവസായങ്ങൾ തുടങ്ങാൻ താലൂക്ക് ഓഫീസ് വരുന്നത് സഹായമാകും. വ്യവസായ ഉദ്യോഗസ്ഥർക്ക് കേന്ദ്രങ്ങൾ സന്ദർശിക്കാനും എളുപ്പമാകും.

കപ്പൂരിലെ പറക്കുളത്ത് നിന്ന് ഒറ്റപ്പാലത്ത് എത്താൻ 44 കിലോമീറ്റർ സഞ്ചരിക്കണം. പട്ടാമ്പിയിൽ വ്യവസായ ഓഫീസ് തുടങ്ങിയാൽ യാത്ര പാതിയായി ചുരുങ്ങും. സമയവും സാമ്പത്തികവും ലാഭിക്കാം. ചാലിശ്ശേരി, കരിയന്നൂർ, തിരവേഗപ്പുറ തുടങ്ങിയ ഇടങ്ങളിൽ നിന്ന് ഒറ്റപ്പാലത്തെത്താൻ 38 കിലോമീറ്റർ സഞ്ചരിക്കണം.