റഷ്യൻ വോൾഗോഗ്രാഡ് യൂണി​വേഴ്സി​റ്റി​യും  ആസാദിയും​ ധാരണാ പത്രം ഒപ്പുവച്ചു

Thursday 19 January 2023 1:21 PM IST
ദക്ഷിണേന്ത്യയിലെ പ്രമുഖ ആർക്കിടെക്ട് കൺസൾട്ടിംഗ് സ്ഥാപനമായ അജിത്ത് അസ്സോസിയേറ്റ്സിന്റെ 45ാമത് സ്ഥാപക ദിനാഘോഷവും, ഗ്രൂപ്പിന്റെ കീഴിലുള്ള ആസാദി കോളേജുമായി റഷ്യൻ യൂണിവേഴ്സിറ്റി സഹകരിക്കുന്നതിന്റെ ധാരണാ പത്രം ഒപ്പുവയ്ക്കൽ ചടങ്ങും മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

കേരളത്തിൽ കാമ്പസ് തുറക്കും

കൊച്ചി: റഷ്യൻ സർക്കാരിന്റെ സയൻസ് ആൻഡ് ഹയർ എഡ്യുക്കേഷൻ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലോകത്തിലെ മുൻനിര യൂണിവേഴ്സിറ്റികളിലൊന്നായ വോൾഗോ ഗ്രാഡ് സ്റ്റേറ്റ് ടെക്നിക്കൽ യൂണിവേഴ്സിറ്റി കേരളത്തിൽ കാമ്പസ് തുറക്കുന്നതിന് ധാരണ. വൈറ്റില സിൽവർസാൻഡ് ഐലൻഡിൽ പ്രവർത്തിക്കുന്ന ആർക്കിടെക്ച്ചർ കോളേജായ ഏഷ്യൻ സ്‌കൂൾ ഒഫ് ആർക്കിടെക്ച്ചർ ആൻഡ് ഡിസൈൻ ഇന്നൊവേഷൻസുമായാണ് (ആസാദി) ആർക്കിടെക്ച്ചർ പഠനത്തിന് ധാരണാ പത്രം ഒപ്പുവച്ചത്. ആസാദി കോളേജിന്റെ ഉടമകളായ ദക്ഷിണേന്ത്യയിലെ പ്രമുഖ ആർക്കിടെക്ട് കൺസൾട്ടിംഗ് സ്ഥാപനമായ അജിത്ത് അസോസി​സിയേറ്റ്സിന്റെ 45-ാം സ്ഥാപക ദിനാഘോഷ ചടങ്ങിലാണ് വോൾഗോഗ്രാഡ് സ്റ്റേറ്റ് ടെക്നിക്കൽ യൂണിവേഴ്സിറ്റി റെക്ടർ (ചാൻസലർ) നവറോട്സ്‌കി അലക്സാണ്ടറും അജിത്ത് അസോസിയേറ്റ്സ് ചെയർമാൻ ആർക്കിടെക്റ്റ് പ്രൊഫ.ബി.ആർ.അജിത്തും ധാരണാ പത്രത്തിൽ ഒപ്പുവച്ചത്. യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് സിചുഗോവ് ആന്റണും പങ്കെടുത്തു.

എറണാകുളം റാഡിസൺ ബ്ലൂ ഹോട്ടലിൽ സംഘടിപ്പിച്ച അജിത്ത് അസോസിയേറ്റ്സിന്റെ സ്ഥാപക ദിനാഘോഷം വ്യവസായം,നിയമം,കയർ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ആർക്കിടെക്ട് പ്രൊഫ.ബി. ആർ.അജിത്ത് അദ്ധ്യക്ഷത വഹിച്ചു.

നഗരങ്ങളുടെ വികസനത്തിന് ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒട്ടേറെ സംഭാവനകൾ ചെയ്യാൻ കഴിയുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

ഇന്ത്യയിൽ സഹകരണത്തിനെത്തുന്ന വിദേശ സ്ഥാപനങ്ങളെ അവരുടെ നയം ഇന്ത്യയിൽ നടപ്പിലാക്കാൻ അനുവദിക്കുന്നതിന് പകരം ഇന്ത്യയ്ക്ക് ആവശ്യമുള്ള രീതിയിൽ അവരെ പ്രവർത്തിക്കാൻ അനുവദിക്കുകയാണ് വേണ്ടതെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു.

കൗൺസിൽ ഒഫ് ആർക്കിടെക്ചർ പ്രസിഡന്റ് ഹബീബ് ഖാൻ, എം.എൽ.എമാരായ കെ.ബാബു,ടി.ജെ വിനോദ്, സാഹിത്യകാരൻ കെ.എൽ. മോഹനവർമ്മ, അജിത് അസോസിയേറ്റസ് ഫൗണ്ടിംഗ് പാർട്ണർ സുജാത കണ്ണൻ, ജനറൽ മാനേജർ ടി. പ്രബോഷ് തുടങ്ങിയവർ സംസാരിച്ചു.