'അശ്വമേധ'മിറങ്ങി,​ കുഷ്ഠരോഗം തുരത്താൻ

Thursday 19 January 2023 12:11 AM IST
കുഷ്ഠരോഗം

@ ഭവന സന്ദർശനത്തിന് ജില്ലയിൽ ഇന്നലെ തുടക്കം

കോഴിക്കോട്: നിർമാ‌ർജ്ജനം ചെയ്ത കുഷ്ടരോഗം വീണ്ടും കണ്ടുതുടങ്ങിയതോടെ ബോധവത്കരണവും പരിശോധനകളുമായി ആരോഗ്യവകുപ്പ്. കുഷ്ഠരോഗ നിർമാർജനത്തിനായി പ്രഖ്യാപിച്ച 'അശ്വമേധം' ഭവന സന്ദർശന പരിപാടിക്ക് ഇന്നലെ ജില്ലയിൽ തുടക്കമായി. തുടർച്ചയായി 14 ദിവസം ജില്ലയിലെ മുഴുവൻ വീടുകളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം സർവേ നടത്തും. ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ, പഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പെടെ പരിശീലനം ലഭിച്ച വോളന്റിയർമാരാണ് വീടുകളിലെത്തുക. ജില്ലയിൽ 2021-22 വർഷത്തിൽ 14 പുതിയ രോഗികളെ കണ്ടെത്തിയിരുന്നു. പരിശോധന കർശനമാക്കാനാണ് അശ്വമേധം പദ്ധതിക്ക് തുടക്കമിട്ടത്. 200 വീടുകൾ അല്ലെങ്കിൽ 1000 ആളുകളെ ഒരു സംഘം ഒരു ദിവസം സന്ദർശിക്കും. ഇവർ കുഷ്ഠരോഗത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്യും. രണ്ട് വയസിനു മുകളിൽ പ്രായമായവരിലാണ് പരിശോധന നടത്തുക. സർക്കാർ ആശുപത്രികളിൽ കുഷ്ഠരോഗ ചികിത്സ സൗജന്യമാണ്. ചികിത്സാ കാലയളവിൽ ബി.പി.എൽ വിഭാഗത്തിൽ പെട്ടവർക്കും ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്കും പ്രതിമാസം1000 രൂപ വീതം നൽകും.ഡെപ്യൂട്ടി കളക്ടർ കെ.ഹിമയുടെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാതല കോ ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ കുഷ്ഠരോഗ നിർമാർജ്ജനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലാ ലെപ്രസി ഓഫീസർ ഡോ. മോഹൻദാസ്, അസി.ലെപ്രസി ഓഫീസർ സുരേഷ് ടി, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് ശെൽവ രത്‌നം പി, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്രഫ് കാവിൽ, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.മുഹമ്മദ് മുസ്തഫ, എൻ.എച്ച് .എം കൺസൾട്ടന്റ് ദിവ്യ സി, എൻ.എച്ച്.എം ആശാ കോ ഓർഡിനേറ്റർ ഷൈനു പി സി, എൻ.എം.എസ് മോഹനൻ കെ.പി തുടങ്ങിയവർ പങ്കെടുത്തു.

രോഗ ലക്ഷണങ്ങൾ
തൊലിപ്പുറത്ത് നിറം മങ്ങിയതും ചുവന്നതുമായ പാടുകൾ, സ്പർശം, ചൂട്, തണുപ്പ്, വേദന എന്നിവ അറിയാതിരിക്കൽ, പരിധീയ നാഡികളിൽ തൊട്ടാൽ വേദന, കൈകാൽ മരവിപ്പ്


'രോഗബാധിതർക്ക് വിദഗ്ദ്ധ പരിശോധനയും ചികിത്സയും ലഭ്യമാക്കും. നേരത്തേ രോഗനിർണയം നടത്തുകവഴി കുഷ്ഠരോഗം മൂലമുണ്ടാകുന്ന അംഗവൈകല്യവും രോഗ സങ്കീർണതകളും ദീർഘകാല ചികിത്സയും ഒഴിവാക്കാൻ കഴിയും'. ഡോ. മോഹൻദാസ്.ടി , ജില്ലാ ലെപ്രസി ഓഫീസർ.

Advertisement
Advertisement