പള്ളി ഭൂമിക്കേസ്: ഹൈക്കോടതി ലക്ഷ്മണരേഖ കടന്നെന്ന് സുപ്രീം കോടതി

Thursday 19 January 2023 12:28 AM IST

ന്യൂഡൽഹി:പള്ളികളുടെ ആസ്തി വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഉത്തരവിൽ കേരള ഹൈക്കോടതി സ്വീകരിക്കുന്ന തുടർ നടപടികൾ ലക്ഷ്മണരേഖ കടന്നതായി സുപ്രീം കോടതി പറഞ്ഞു. കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള കക്ഷികളോട് തുടർനടപടി സ്വീകരിക്കാൻ നിർദേശിച്ച ഹൈക്കോടതി നടപടിയിലും ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് അത്ഭുതവും,കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചു.

ക്രിമിനൽ നടപടി ചട്ടത്തിലെ 482-ാം വകുപ്പ് പ്രകാരം കേസ് റദ്ദാക്കാൻ നൽകുന്ന ഹർജിയിൽ കൊവിഡ് സംബന്ധിച്ച് പോലും ഹൈക്കോടതി നിർദേശം നൽകുമോയെന്ന് സുപ്രീം കോടതി ആരാഞ്ഞു. സഭ ഭൂമിയിടപാടിലെ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് പള്ളികളുടെ ഭൂമിയുൾപ്പെടെയുള്ള ആസ്തികൾ വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ചത്. എന്നാൽ , കർദ്ദിനാൾ ഫയൽ ചെയ്ത ഹർജിയിൽ ഹൈക്കോടതിക്ക് എങ്ങനെ തുടർ നടപടി സ്വീകരിക്കാനാവുമെന്ന് സുപ്രീം കോടതി ആരാഞ്ഞു. ഹർജി തള്ളിയതോടെ ഹൈക്കോടതിയുടെ നടപടിയും അവസാനിച്ചതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി.