പോപ്പുലർ ഫ്രണ്ട് ജപ്‌തി: മുൻകൂർ നോട്ടീസ് വേണ്ടെന്ന് ഹൈക്കോടതി

Thursday 19 January 2023 12:31 AM IST

ജപ്‌തി പൂർത്തിയാക്കി 23നു റിപ്പോർട്ടു നൽകണം


കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിലെ അതിക്രമങ്ങൾക്ക് നഷ്‌ടപരിഹാരമീടാക്കാനുള്ള ജപ്‌തി നടപടികൾ സർക്കാർ ഉടൻ പൂർത്തിയാക്കണമെന്ന് വീണ്ടും ഹൈക്കോടതി. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ മുൻകൂർ നോട്ടീസ് നൽകേണ്ടെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെയും ഭാരവാഹികളുടെയും സ്വത്തുക്കൾ ജപ്‌തി ചെയ്ത് 23നു സർക്കാർ റിപ്പോർട്ടു നൽകണം. റിപ്പോർട്ടിൽ സ്വത്തുവകകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ വേണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഹർജികൾ ജനുവരി 24 നു പരിഗണിക്കും.

2022 സെപ്തംബർ 23നു പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിലെ അക്രമങ്ങളെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഉൾപ്പെടെയുള്ള ഹർജികളിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

റവന്യൂ റിക്കവറി നടപടികളുടെ ഭാഗമായി അബ്ദുൾ സത്താറിന് ഡിസംബർ 31ന് നോട്ടീസ് നൽകിയെന്നും റിക്കവറി പൂർത്തിയാക്കാൻ ആത്മാർത്ഥമായ പരിശ്രമമുണ്ടെന്നും സർക്കാർ വിശദീകരിച്ചു. 14 ജില്ലകളിലെയും പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തു വിവരങ്ങൾ രജിസ്ട്രേഷൻ ഐ.ജി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. തുടർന്നാണ് ജപ്തിക്ക് മുൻകൂർ നോട്ടീസ് നൽകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തതവരുത്തിയത്. ഹർത്താൽ അക്രമങ്ങൾക്ക് നഷ്ടപരിഹാരമായി 5.20 കോടി രൂപ കെട്ടിവയ്ക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതുപാലിക്കാത്തതിനാലാണ് ജപ്തി എന്നതിനാൽ മുൻകൂർ നോട്ടീസ് നൽകേണ്ട ആവശ്യമില്ല. തുക ഈടാക്കാൻ റവന്യു റിക്കവറി നിയമത്തിലെ സെക്ഷൻ 35 പ്രകാരമുള്ള നടപടികളുമായി മുന്നോട്ടു പോകണം.

ഡിസംബറിൽ ഹർജികൾ പരിഗണിച്ചപ്പോൾ ജപ്തി വൈകുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കോടതിയിൽ അന്നുനേരിട്ട് ഹാജരായ ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. വി. വേണു നടപടി വൈകുന്നതിൽ നിരുപാധികം മാപ്പു പറഞ്ഞിരുന്നു. ജനുവരി 15 നകം ജപ്‌തി പൂർത്തിയാക്കുമെന്നും അറിയിച്ചിരുന്നു. നടപടികൾക്ക് നിയോഗിച്ചിരുന്ന ഡോ. വി. വേണു ജനുവരി എട്ടിനുണ്ടായ അപകടത്തെത്തുടർന്ന് ചികിത്സയിലാണെന്നും ജപ്‌തി നടപടികളിൽ മനപ്പൂർവം വീഴ്‌ച വരുത്തിയിട്ടില്ലെന്നും സർക്കാർ ഇന്നലെ വിശദീകരിച്ചു.

Advertisement
Advertisement