മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം: ഹർജി പിൻവലിച്ചു

Thursday 19 January 2023 1:42 AM IST

കൊച്ചി: മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ചെന്ന കേസിൽ സി.ബി.ഐയോ കർണാടക പൊലീസോ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ നൽകിയ ഹർജി പിൻവലിച്ചു. കേസിൽ അന്വേഷണം അവസാനിപ്പിച്ച് തിരുവല്ല മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് റിപ്പോർട്ടു നൽകിയിരുന്നു. ഇതിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാൻ കോടതിയുടെ നോട്ടീസ് ലഭിച്ചെന്നും അതിനാൽ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നും ഇന്നലെ ഹർജിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ആവശ്യം ജസ്റ്റിസ് എ. സിയാദ് റഹ്മാൻ അനുവദിച്ചു. സി.ബി.ഐ അന്വേഷണാവശ്യം ഈ ഘട്ടത്തിൽ അപക്വമാണെന്നും പൊലീസ് റിപ്പോർട്ടു സ്വീകരിച്ച് മജിസ്ട്രേട്ട് കോടതി തീർപ്പുണ്ടാക്കിയാൽ അതിനെതിരെ ഹർജിക്കാരന് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാവുമെന്നും ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.