കരുതൽ തടങ്കലിനുള്ള അപേക്ഷയിലും കള്ളക്കളി , ഗുണ്ടകളെ രക്ഷിക്കാൻ പൊലീസിന്റെ അട്ടിമറി, രേഖകളിൽ കൃത്രിമം
തിരുവനന്തപുരം: ഗുണ്ടകളെ കാപ്പ (ഗുണ്ടാനിയമം) ചുമത്തി കരുതൽ തടങ്കലിൽ അടയ്ക്കുന്നതിന് തടയിടുന്നത് ഗുണ്ടാതോഴന്മാരായ പൊലീസുദ്യോഗസ്ഥർ. 5 വർഷം ശിക്ഷകിട്ടാവുന്ന ഒരു കേസ്, ഒന്നു മുതൽ അഞ്ചു വർഷം വരെ ശിക്ഷിക്കാവുന്ന രണ്ട് കേസുകൾ എന്നിവയോ മൂന്ന് കേസുകൾ വിചാരണ ഘട്ടത്തിലോ ആണെങ്കിലാണ് കാപ്പ ചുമത്തുക. 7വർഷത്തെ ക്രിമിനൽ ചരിത്രവും പരിശോധിക്കും.
കരുതൽ തടങ്കലിന് ഉത്തരവിടേണ്ട കളക്ടർക്കുള്ള അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഗുണ്ടകളെ രക്ഷിക്കുക. കേസ് നമ്പറും കേസുകളുടെ വകുപ്പും സെക്‌ഷനുകളും തെറ്റിച്ചെഴുതും. അപേക്ഷ കളക്ടർ നിയമവിദഗ്ദ്ധർക്ക് കൈമാറുമ്പോൾ പിശക് കണ്ടെത്തും. ഇതോടെ കളക്ടർക്ക് ഉത്തരവിറക്കാനാവില്ല. കളക്ടർ ഉത്തരവിറക്കിയാലും കാപ്പബോർഡിലും ഹൈക്കോടതിയിലും അപ്പീലിൽ പൊലീസിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി ഗുണ്ടകൾ രക്ഷപ്പെടും. ഗുണ്ടകളുടെയും സ്ഥിരം കുറ്റവാളികളുടെയും 7വർഷത്തെ വിവരങ്ങൾ മിക്ക സ്റ്റേഷനുകളിലുമില്ല.
ഏതെങ്കിലും പൊലീസുകാരനാവും ഗുണ്ടാലിസ്റ്റും കരുതൽതടങ്കലിനുള്ള അപേക്ഷയും തയ്യാറാക്കുക. ഇതിനായി കാപ്പ സെല്ലുണ്ടായിരുന്നത് ഇപ്പോൾ നിർജീവം.
ഗുണ്ടാലിസ്റ്റിലെ 'വേണ്ടപ്പെട്ടവരെ' ഒഴിവാക്കാനും ശിക്ഷ നീട്ടാതിരിക്കാനും കരുതൽ തടങ്കലൊഴിവാക്കാനും തലസ്ഥാനത്ത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയ ചരിത്രമുണ്ട്. കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടകളെ നിരീക്ഷിക്കാനും അവർ സ്വന്തംജില്ലയിൽ കടക്കുന്നില്ലെന്ന് ഉറപ്പാക്കാനും സംവിധാനമില്ല. കോട്ടയത്ത് നാടുകടത്തപ്പെട്ട ഗുണ്ടയാണ് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം സ്റ്റേഷനിൽ കൊണ്ടിട്ടത്.
മേൽനോട്ടം ഇല്ലാതാക്കി, ഗുണ്ട ചങ്ങാതിയായി
ഇൻസ്പെക്ടർ മുതൽ എ.ഡി.ജി.പി വരെയുള്ള മേൽനോട്ട സംവിധാനം പൊളിച്ചടുക്കിയതാണ് പൊലീസിന്റെ ഗുണ്ടാബന്ധം കൂട്ടിയത്. പത്തുവർഷം വരെ എസ്.ഐയായിരുന്ന ശേഷം ഇൻസ്പെക്ടറായവരെ സ്റ്റേഷനിൽ എസ്.ഐയുടെ ജോലി ചെയ്യിക്കുന്നു. ഗുണ്ടകളെ ഓടിച്ചിട്ടു പിടിച്ചിരുന്ന 'ചോരത്തിളപ്പുള്ള ' എസ്.ഐമാർ ഗതാഗതം നിയന്ത്രിച്ചും വി.ഐ.പി ഡ്യൂട്ടി ചെയ്തും കഴിയുന്നു.
ഒൻപത് സ്റ്റേഷനുകൾക്ക് ഒരു ഡിവൈ.എസ്.പി ഉണ്ടെങ്കിലും മേൽനോട്ടം പേരിനുമാത്രം. സ്റ്റേഷനുകളിൽ ഡിവൈ.എസ്.പിമാരുടെ മിന്നൽപരിശോധന ഇല്ലാതായി. ഗുണ്ടാലിസ്റ്റും കാപ്പചുമത്തലും ഡിവൈ.എസ്.പിമാരുടെ മേൽനോട്ടത്തിൽ അല്ലാതായി. ഗുണ്ടാനേതാക്കൾ ഡിവൈ.എസ്.പിമാരുമായി ചങ്ങാത്തമുണ്ടാക്കി.
4പൊലീസ് ജില്ലകൾക്ക് റേഞ്ച് ഡി.ഐ.ജിയും മേൽനോട്ടത്തിന് സോണൽ ഐ.ജിമാരുമുണ്ടായിരുന്നത് പൊളിച്ചടുക്കി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഐ.ജിയെ കമ്മിഷണറാക്കി. റേഞ്ചിൽ ഡി.ഐ.ജിമാരെ നിയമിച്ചു. സോണൽ ഐ.ജിമാർക്ക് സിറ്റികളുടെ നിയന്ത്രണമില്ലാതാക്കി. ഉത്തര, ദക്ഷിണ മേഖലാ എ.ഡി.ജി.പിമാരെ ഇല്ലാതാക്കി.
സംസ്ഥാനത്തിന്റെയാകെ ക്രമസമാധാന ചുമതല ഒറ്റ എ.ഡി.ജി.പിക്ക് നൽകി. ഈ ചുതലയുള്ള എം.ആർ.അജിത്കുമാർ പൊലീസ് ആസ്ഥാനത്താണ്. ഇതോടെ ജില്ലകൾ എസ്.പിമാരുടെ സാമ്രാജ്യമായി. രാഷ്ട്രീയസ്വാധീനമുള്ള ഡിവൈ.എസ്.പിമാർ ഗുണ്ടകളുമായും മണ്ണ്-മണൽ മാഫിയകളുമായും ചങ്ങാത്തമുണ്ടാക്കി.