അതിവേഗ ചാർജിംഗുമായി​ ലാൻഡി ലാൻസോ,​ ഇലക്ട്രിക് സൂപ്പർ ബൈക്കും സ്‌കൂട്ടറും

Thursday 19 January 2023 1:27 AM IST

കേരളത്തിൽ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ അതിവേഗ ചാർജിംഗ് സൗകര്യമുള്ള ലാൻഡി ലാൻസോ ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾ വ്യവസായ മന്ത്രി പി.രാജീവും ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്ന് അനാവരണം ചെയ്യുന്നു.

കൊച്ചി: സ്റ്റാർട്ടപ്പ് സംരംഭമായ ഹിന്ദുസ്ഥാൻ ഇ.വി മോട്ടോഴ്‌സ് കോർപ്പറേഷന്റെ നവീന സാങ്കേതിക വിദ്യകളടങ്ങിയ പുതിയ ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കി. ഫ്‌ളാഷ്, ഫാസ്റ്റ് ചാർജിംഗ് സംവിധാനമുള്ള അതിവേഗ ചാർജിംഗ് ബാറ്ററികളോടെ ലാൻഡി ലാൻസോ ഇ- ബൈക്കായ ലാൻഡി ഇ- ഹോഴ്സ്, ലാൻഡി ലാൻസോ ഇ- സ്‌കൂട്ടറായ ലാൻഡി ഈഗിൾ ജെറ്റ് എന്നിവയാണ് പുറത്തിറക്കിയത്. പെരുമ്പാവൂരിലെ നിർമാണ യൂണിറ്റുകളിലാണ് ഇവ നിർമ്മിക്കുന്നത്. അതിനൂതന ഇ.വി സാങ്കേതികവിദ്യയാണ് ലാൻഡി ലാൻസോയിൽ ഉപയോഗിച്ചിരിക്കുന്നത്. ചാർജിംഗ് സമയം, ബാറ്ററി റീപ്‌ളേസ്‌മെന്റ്, തീപിടി​ത്തം തുടങ്ങിയ ആശങ്കകൾ പരിഹരിച്ചാണ് ഇവ ഇറക്കി​യി​രി​ക്കുന്നത്. വാഹൻ പരിവാഹൻ പോർട്ടലിലും വാഹനങ്ങൾ ലിസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു.

നിലവിൽ ഇലക്ട്രിക് ബാറ്ററി ചാർജിംഗിന് 4 മുതൽ 8 മണിക്കൂർ വരെയെടുക്കുമ്പോൾ ലാൻഡി ലാൻസോ ഇസഡ് സീരീസ് വാഹനങ്ങളി​ലെ അഞ്ചാം തലമുറ ലിഥിയം ടൈറ്റനെറ്റ് ഓക്സിനാനോ ബാറ്ററി പായ്ക്ക് വെറും 5 മിനിട്ട് മുതൽ 10 മിനിട്ടി​നകം ചാർജ് ചെയ്യാം. ഇന്ത്യയിൽ ആദ്യമായാണ് ഫ്‌ളാഷ് ചാർജർ, ഫാസ്റ്റ് ചാർജർ സംവിധാനങ്ങളോടെ ഇലക്ട്രിക് വാഹനം വിപണിയിലിറക്കുന്നത്.

ഇൻബിൽറ്റ് ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തിലൂടെ വീട്ടിലോ 16 എ.എം.പി.എസ്, എ.സി 230 വി സൗകര്യമുള്ള എവിടെയെങ്കിലുമോ കേവലം ഒരു മണിക്കൂർ സമയം കൊണ്ട് ചാർജ് ചെയ്യാം. ബാറ്ററി കാലാവധി 15 മുതൽ 25 വർഷം വരെ.

വിമാനങ്ങളുടെ ചിറകുകളിൽ ഉപയോഗിച്ചിരിക്കുന്ന എയ്‌റോ ബീം സാങ്കേതികവിദ്യയാണ് ഇസഡ് സീരീസ് ഇരുചക്രവാഹനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്.

200കിലോ വരെ ലോഡിംഗ് കപ്പാസിറ്റിയുള്ള ലാൻഡി ഇ-ഹോഴ്സ് സ്‌പോർട്ട്‌സ് മോഡിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. 75 കിലോമീറ്ററാണ് ലാൻഡി ഈഗിൾ ജെറ്റിന്റെ പരമാവധി വേഗം. ഒറ്റ ചാർജിംഗിൽ 75 മുതൽ 100 കിലോമീറ്റർ വരെ യാത്ര ചെയ്യാം.

അമേരിക്കൻ കമ്പനിയായ ലാൻഡി ലാൻസോയുമായി സഹകരിച്ചാണ് ഹിന്ദുസ്ഥാൻ ഇ.വി മോട്ടോഴ്സ് കോർപ്പറേഷൻ ഇരുചക്രവാഹനങ്ങൾ പുറത്തിറക്കുന്നത്. കേരളത്തിലെ എല്ലാ നഗരങ്ങളിലും ഇ.വി ഹബുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഹിന്ദുസ്ഥാൻ ഇ വി മോട്ടോർസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിജു വർഗീസ് പറഞ്ഞു.

ഹിന്ദുസ്ഥാൻ ഇ.വി മോട്ടോർസ് കോർപ്പറേഷന്റെ കൊച്ചിയിലെ നിർമാണ യൂണിറ്റിൽ പ്രതിമാസം 850 മുതൽ 1500 വരെ വാഹനങ്ങൾ നിർമിക്കാനുള്ള ശേഷിയുണ്ട്.