കേരളത്തെ മുഴുവൻ സമയ ടൂറി​സം സ്പോട്ടാക്കാൻ ടൂറി​സം വകുപ്പ്  ടൂറി​സം ഗ്രാമങ്ങളി​ലേയ്ക്ക്,  ഗ്ലോബൽ വെഡിംഗ്, ഹണിമൂൺ ഡെസ്റ്റിനേഷനാകും 

Thursday 19 January 2023 1:30 AM IST
കേരളത്തെ മുഴുവൻ സമയ ടൂറി​സം സ്പോട്ടാക്കാൻ ടൂറി​സം വകുപ്പ്

ന്യൂഡൽഹി: എല്ലാ സീസണുകൾക്കും അനുയോജ്യമായ ടൂറിസം ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റാൻ സവി​ശേഷ പദ്ധതികളുമായി കേരള ടൂറിസം വകുപ്പ്. ​

ഗ്രാമീണ ടൂറി​സം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതി​ന് പുറമെ കേരളത്തെ ഗ്ലോബൽ വെഡിംഗ് ഡെസ്റ്റിനേഷൻ ആയും ഹണിമൂൺ ഡെസ്റ്റിനേഷൻ ആയും പ്രോത്സാഹിപ്പിക്കാനുള്ള പ്രചാരണ പരിപാടികൾക്കാണ് പ്രാധാന്യം നൽകുക. കൊച്ചി-മുസിരിസ് ബിനാലെയിൽ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെയും കലാസ്വാദകരുടെയും പങ്കാളിത്തം ഉറപ്പിക്കാനായെന്ന് ടൂറിസം ഡെപ്യൂട്ടി​ ഡയറക്‌ടർ ഇൻ ചാർജ് ശ്രീകുമാർ എസ്. പറഞ്ഞു.

ജനപ്രീതി നേടിയ കാരവൻ കേരളയും ആഗോള അംഗീകാരം നേടിയ സ്ട്രീറ്റും പോലുള്ള പദ്ധതികൾ സഞ്ചാരികൾക്കു മുന്നിൽ കേരളം അവതരിപ്പിക്കുമെന്ന് ഡൽഹി​യി​ൽ സംഘടി​പ്പി​ച്ച പാർട്ണർഷി​പ്പ് മീറ്റി​ന്റെ ഭാഗമായാണ് ഇത് സംബന്ധി​ച്ച വി​വരങ്ങൾ അധി​കൃതർ വ്യക്തമാക്കി​. വിനോദസഞ്ചാരികൾക്ക് ഗ്രാമീണ ജീവിതത്തെയും പ്രാദേശിക സമൂഹങ്ങളെയും പരിചയപ്പെടുത്തുന്ന തരത്തിൽ മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുന്നതും ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യ വികസനവും ഇതിലുൾപ്പെടുന്നു.

പ്രചാരണം കൊഴുപ്പി​ക്കും ഫെബ്രുവരി രണ്ട് മുതൽ നാലു വരെ മുംബയിൽ നടക്കുന്ന ഔട്ട്ബൗണ്ട് ട്രാവൽ മാർക്കറ്റിൽ (ഒ.ടി.എം) സംസ്ഥാനത്തിന്റെ ടൂറിസം സവിശേഷതകൾ പ്രദർശിപ്പിച്ച് കേരള ടൂറിസത്തിന്റെ സാന്നിദ്ധ്യമുണ്ടാകും. ന്യൂഡൽഹിയിലെ സൗത്ത് ഏഷ്യൻ ട്രാവൽ ആൻഡ് ടൂറിസം എക്സ്ചേഞ്ച്, ടി.ടി.എഫ് ചെന്നൈ എന്നിവയിലും പങ്കെടുക്കും. ചണ്ഡീഗഡ്, ജയ്പൂർ, ലഖ്നൗ എന്നിവിടങ്ങളിൽ കേരള ടൂറിസം റോഡ് ഷോകൾ സംഘടിപ്പിക്കും. ഫെബ്രുവരിയിൽ അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ ബി 2ബി ട്രേഡ് മീറ്റുകളും സംഘടിപ്പിക്കും.

റെക്കാഡ് സഞ്ചാരി പ്രവാഹം

ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം കേരളം സർവകാല റെക്കാഡ് സ്ഥാപിച്ചിരുന്നു. ആദ്യ മൂന്ന് പാദങ്ങളിൽ 1.33 കോടി വിനോദസഞ്ചാരികളാണ് കേരളത്തിൽ എത്തിയത്. കൊവിഡിന് മുമ്പുള്ള വർഷത്തേക്കാൾ 1.94 ശതമാനം വർദ്ധിച്ചു.