അവയവം മാറ്റിവച്ചവർക്ക് രണ്ടു മാസത്തിനകം 'കേരളമരുന്ന്',​ നിലവിലെ മരുന്നുകളെക്കാൾ വില കുറവ്

Thursday 19 January 2023 12:46 AM IST

കണ്ണൂർ: വൃക്ക, കരൾ തുടങ്ങിയ അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് തുടർ ചികിത്സാ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കേരളം സ്വന്തം ബ്രാൻഡ് മരുന്നുകൾ പുറത്തിറക്കുന്നു. പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി) രണ്ടു മാസത്തിനകം അസാതയോപ്രിൻ,​ മൈക്കോഫിനലേറ്റ് എന്നീ പേരുകളിലുള്ള മരുന്നുകൾ വിപണിയിലെത്തിക്കും. നിലവിലെ മരുന്നുകളെക്കാൾ വില കുറവായിരിക്കും. സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന രോഗികൾക്ക് ഇത് ആശ്വാസമാകും.

മൂന്നു വർഷം മുമ്പാണ് കേന്ദ്ര ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ അനുമതി കിട്ടിയത്.

ബംഗളൂരുവിലെ ഐ.സി ബയോ ലാബിൽ മനുഷ്യരിലുള്ള പരീക്ഷണം വിജയകരമായി പൂർത്തിയായി. രണ്ട് സാമ്പിളുകളുടെ പരിശോധനയും വിജയിച്ചു. മൂന്നു സാമ്പിളുകളുടെ പരിശോധന കൂടി പൂർത്തിയായാൽ വിപണിയിലെത്തിക്കും.

ചെലവേറിയ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം മരുന്നിന് കൂടി വൻ തുക നൽകേണ്ട അവസ്ഥയിലാണ് നിലവിൽ രോഗികൾ. ഗുജറാത്ത്,​ ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലും മരുന്നുകളെത്തുന്നത്. കടുത്ത ക്ഷാമവും നേരിടുന്നുണ്ട്. വൃക്ക മാറ്റിവച്ചവർ ജീവിതകാലം മുഴുവൻ കഴിക്കേണ്ട പാൻഗ്രാഫ് ആറുമാസമായി പലയിടത്തും കിട്ടാനില്ല. 60 എണ്ണമുള്ള സ്ട്രിപ്പിന് കാരുണ്യ മെഡിക്കൽ സ്റ്റോറിൽ 1400 രൂപയാണ് വില. പുറത്ത് ഇരട്ടിയാകും. വില കൂടുതൽ കാരണം പലർക്കും മരുന്നുകൾ പതിവായി വാങ്ങി കഴിക്കാനാകുന്നില്ല. ദിവസവും മരുന്ന് കഴിച്ചില്ലെങ്കിൽ ശ്വാസംമുട്ടലും ആന്തരിക രക്തസ്രാവവുമാണ് ഫലം.

ചെലവ് അഞ്ചിലൊന്നായി കുറയും

കെ.എസ്.ഡി.പി മരുന്നുകൾക്ക് നിലവിലെ മരുന്നുകളെക്കാൾ വില അഞ്ചിലൊന്ന് മാത്രമായിരിക്കും. നിലവിലെ മരുന്നുകൾക്ക് ദിവസവും 300 മുതൽ 500 രൂപാവരെ ചെലവാകുമെങ്കിൽ ഇവയ്ക്ക് 50-70 രൂപ മാത്രം.

''ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മരുന്ന് ചെലവാകുന്ന കേരളത്തിൽ,​ മരുന്നു വിപണനരംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ പുതിയ പരീക്ഷണങ്ങൾക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

സി.ബി. ചന്ദ്രബാബു,​ ചെയർമാൻ,​

കേരള ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്