കുഷ്ഠരോഗ നിർമ്മാർജനം, ആരോഗ്യപ്രവർത്തകർക്ക് കൃത്യമായ വിവരം നൽകണം: വീണാ ജോർജ്

Thursday 19 January 2023 12:54 AM IST

തിരുവനന്തപുരം: കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് ചികിത്സിച്ച് കുഷ്ഠരോഗം പൂർണമായും നിർമ്മാർജനം ചെയ്യുകയാണ് ലക്ഷ്യമെന്നും ഇതിനായി ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകി രോഗമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി വീണാ ജോർജ്. അശ്വമേധം കാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

കാമ്പെയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ രണ്ടാഴ്ചക്കാലമാണ് വീടുകളിലെത്തി രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നത്. തൊലിപ്പുറത്ത് കാണുന്ന സ്പർശനശേഷി കുറഞ്ഞ നിറം മങ്ങിയതോ,ചുവന്നതോ ആയ പാടുകൾ,തടിപ്പുകൾ എന്നിവയുള്ളവർ അവഗണിക്കരുത്.

രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ ആളുകളിലും എത്തുന്ന വിധത്തിലാണ് കാമ്പെയിൻ ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൻ.എച്ച്.എം.സ്റ്റേറ്റ് മിഷൻ ഡയറക്ടർ വി.ആർ.വിനോദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ വകുപ്പ് അഡി.ഡയറക്ടർമാരായ ഡോ. കെ.വി.നന്ദകുമാർ,ഡോ.കെ സക്കീന,തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജമീല ശ്രീധരൻ,അഡിൽണൽ ഡി.എം.ഒ ഡോ. എസ്.അനിൽകുമാർ പേരൂർക്കട ആശുപത്രി സൂപ്രണ്ട് ഡോ. എ.എൽ. ഷീജ തുടങ്ങിയവർ പങ്കെടുത്തു.