കൊച്ചിൻ ഫ്ളവർ ഷോ: ഓർക്കിഡിന് വൻ ഡിമാൻഡ്

Thursday 19 January 2023 12:00 AM IST
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന കൊച്ചിൻ ഫ്ളവർ ഷോയോടനുബന്ധിച്ച് സെന്റ്. തെരേസാസ് കോളേജിലെ ഹോം സയൻസ് ആൻഡ് സെന്റർ ഫോർ റിസർച്ച് ഡിപ്പാർട്‌മെന്റിലെ അസി.പ്രൊഫ. ഡോ.ലീന ലിയോണയുടെ നേതൃത്വത്തിൽ നടന്ന ഫ്ളവർ അറേഞ്ച്‌മെന്റ് പരിശീലനം

കൊച്ചി: സാധാരണകണ്ടുശീലിച്ച ഓർക്കിഡുകളിൽ നിന്ന് വ്യത്യസ്തമായി വിവിധ നിറത്തിലും വലിപ്പത്തിലും ഒരുക്കിയിരിക്കുന്ന നിരവധി ഓർക്കിഡുകളാണ് ഇത്തവണത്തെ പുഷ്പമേളയുടെ ആകർഷണങ്ങളിലൊന്ന്. മനോഹരമായി അലങ്കരിച്ച ഓർക്കിഡ് കോർണറിൽ സെൽഫിയെടുക്കാനും തിരക്കാണ്. ഓർക്കിഡ് പരിപാലിക്കേണ്ടത് എങ്ങനെയെന്നും ഓർക്കിഡിന് വളം നൽകേണ്ടത് എങ്ങനെയെന്നും തുടങ്ങി കൃഷിയുമായും ചെടികളുമായും ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും അഗ്രി ക്ലിനിക്കും ഫ്ളവർ ഷോ ഗ്രൗണ്ടിലുണ്ട്.

മേളയുടെ ഭാഗമായി സംഘടിപ്പിച്ച പൂക്കളെ വിവിധ രീതിയിൽ ഒരുക്കുന്നതിനുള്ള ഫ്‌ളവർ അറേഞ്ച്‌മെന്റ് പരിശീലന ക്ളാസിൽ വിദ്യാർത്ഥിനികളടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. എറണാകുളം സെന്റ്. തെരേസാസ് കോളേജിലെ ഹോം സയൻസ് ആൻഡ് സെന്റർ ഫോർ റിസർച്ച് ഡിപ്പാർട്‌മെന്റിലെ അസി.പ്രൊഫ.ഡോ. ലീന ലിയോണയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.


ഫ്ളവർ ഷോയുടെ ഭാഗമായി സെന്റ്. തെരേസാസ് കോളേജ് ഫാഷൻ വിഭാഗവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഫ്ളവർ പ്രിൻസസ് ആൻഡ് പ്രിൻസ് മത്സരത്തിനുള്ള രജിസ്ട്രേഷൻ നാളെ സമാപിക്കും. 21ന് വൈകിട്ട് 6നാണ് മത്സരം. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവേശനം. 22ന് മേള സമാപിക്കും.

Advertisement
Advertisement