'ഉടമ്പില് ഉയരിരിക്കും വരെയും സേവ സെയ്യർത്ക്ക് നാൻ വരുവേൻ'

Thursday 19 January 2023 12:03 AM IST

ശബരിമല : 'കടവുൾ പുണ്യത്തിൽ ഉടമ്പില് ഉയരിരിക്കും വരെയും അയ്യപ്പസ്വാമിക്ക് സേവ സെയ്യർത്ക്ക് നാൻ വരുവേൻ സ്വാമി. അത് താൻ ഏൻ ലച്ചിയമേ'. ശബരിമല സന്നിധാനം വിശുദ്ധിയായി സൂക്ഷിക്കാൻ രാപകലില്ലാതെ സേവനം ചെയ്യുന്ന വിശുദ്ധി സേനയിലെ ഒരു അംഗമായ 62 വയസുകാരൻ തമിഴ്‌നാട് സ്വദേശി രാമസ്വാമിയുടെ വാക്കുകൾ. ഇരുപതിലധികം വർഷങ്ങളായി രാമസ്വാമി ശബരിമലയിൽ എത്തുന്നുണ്ട്. അയ്യന്റെ പൂങ്കാവനം വിശുദ്ധമാക്കാൻ. ഒരു തവണ പോലും രാമസ്വാമി തന്റെ വരവ് മുടക്കിയിട്ടില്ല. മണ്ഡലകാലത്തും മാസ പൂജയ്ക്കും അദ്ദേഹം സന്നിധാനത്തുണ്ടാവും. വർഷങ്ങളായുള്ള പൂങ്കാവനം ശുചീകരണ വേളയിൽ അസുഖങ്ങളോ, ദേഹാസ്വാസ്ഥ്യങ്ങളോ, ക്ഷീണമോ ഉണ്ടായിട്ടില്ലെന്ന് രാമസ്വാമി. അയ്യപ്പനോടുള്ള അടങ്ങാത്ത ഭക്തി കൊണ്ടാണ് മക്കൾക്കും അയ്യപ്പന്റെ പേരുകൾ നൽകിയതെന്ന് രാമസ്വാമി പറയുന്നു. കഴിഞ്ഞ 20 വർഷങ്ങളിൽ ശബരിമലയിലുണ്ടായ വളർച്ച അത്ഭുതകരമാണ്. 'പൂങ്കാവനം ശുചീകരിക്കാൻ ലഭിക്കുന്ന അവസരം വലിയ ഭാഗ്യമാണ്. സന്നിധാനത്ത് ഏതുതരം ശുചീകരണ പ്രവർത്തനം ചെയ്യുന്നതിനും ഒരു മടിയുമില്ല 'രാമസ്വാമി പറഞ്ഞു. സേലം അത്തൂർ സ്വദേശിയായ രാമസ്വാമിക്ക് നാട്ടിൽ കൃഷിയാണ്. ഭാര്യ ശക്തി. മക്കളായ മണി കണ്ഠൻ, ചിന്നമണി എന്നിവരും നാട്ടിൽ കൃഷിക്കാരാണ്. ശബരിമലയിലെ വലിയ നടപ്പന്തലിലും പമ്പയിലും, മരക്കൂട്ടത്തും അപ്പാച്ചി മേട്ടിലും, സന്നിധാനത്ത് മുക്കിലും മൂലയിലും ശുചീകരണ പ്രവർത്തനങ്ങളിൽ വ്യാപൃതരായ വിശുദ്ധിസേന നിസ്വാർഥമായ സേവനമാണ് നടത്തുന്നത്. ശബരിമല സാനിറ്റേഷൻ സൊസൈറ്റി തമിഴ്‌നാട് അയ്യപ്പസംഘം മുഖേനയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത്. ഈ വർഷം 1000 വിശുദ്ധിസേനാംഗങ്ങളെയാണ് സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിൽ നിയോഗിച്ചിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും തമിഴ്‌നാട് സേലം സ്വദേശികളാണ്.