മാസ്ക് വേണോ ? സർവ്വത്ര ആശയക്കുഴപ്പം

Thursday 19 January 2023 12:08 AM IST

കൊച്ചി: മാസ്‌ക് നിർബന്ധമാക്കിയുള്ള സർക്കാർ ഉത്തരവ് വീണ്ടും പുറപ്പെടുവിപ്പിച്ച് ദിവസം രണ്ട് കഴിഞ്ഞിട്ടും ആശയക്കുഴപ്പം. ഉത്തരവ് ഇറങ്ങിയെങ്കിലും പരിശോധനയും പിഴ ഈടാക്കലും ഇല്ലാത്തതിനാൽ ജനങ്ങൾ മാസ്‌ക് വയ്ക്കാൻ മടിക്കുകയാണ്. ഉത്തരവിൽ ആശയക്കുഴപ്പമുണ്ടെന്ന് ജനങ്ങളും ഉദ്യോഗസ്ഥരും ഒരുപോലെ വ്യക്തമാക്കുകയും ചെയ്യുന്നു.

മാസ്‌കിന്റെ ഉപയോഗം നിർബന്ധമാക്കുന്നുവെന്ന ഉത്തരവാണ് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടേതായി പുറത്തുവന്നത്. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു. അതേസമയം,​ ആളുകളുടെ എണ്ണത്തി​ലെ നിയന്ത്രണക്കാര്യം വ്യക്തമാക്കി​യി​ട്ടി​ല്ല.

ശ്വാസം മുട്ടുന്നുവെന്ന് ജനം
കഴിഞ്ഞ എട്ട് മാസത്തിലേറെയായി ജനങ്ങൾ പൂർണമായി മാസ്‌ക് ഒഴിവാക്കിയിട്ട്. വീണ്ടും വെച്ചു തുടങ്ങുമ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുവെന്നും അധിക നേരം വയ്ക്കാനാകുന്നില്ലെന്നുമാണ് ജനപക്ഷം.

സാനിറ്റൈസർ ഉപയോഗമോ കൈകഴുകൽ നടപടികളോ ഒരു സ്ഥലങ്ങളിലും തുടങ്ങിയിട്ടില്ല. ഇത് നിർബന്ധമാക്കുന്നുവെന്ന് ഉത്തരവ് മാത്രം ഇറങ്ങിയിട്ട് കാര്യമില്ലെന്നും പരിശോധനകൾ ശക്തമാക്കണമെന്നും അഭിപ്രായപ്പെടുന്നവരും ഏറെയാണ്.

പുതിയ ഉത്തരവോ..പഴയത് പുതുക്കിയതോ

മാസ്‌ക് ഉപയോഗം സംബന്ധിച്ച് പുറത്തിറങ്ങിയത് പുതിയ ഉത്തരവാണെന്നാണ് ഏറെപ്പേരും കരുതുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പനി ബാധിതരുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെത്തുടർന്നാണ് മാസ്‌ക് നിർബന്ധമാക്കിയതെന്നു വാദിക്കുന്നവരും ഏറെ. എന്നാൽ പഴയ ഉത്തരവിന്റെ കാലാവധി കഴിഞ്ഞപ്പോൾ പുതുക്കിയതാണെന്നും അതല്ലാതെ വീണ്ടും ഉത്തരവിറക്കിയതല്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പോലും പറയുന്നു. എന്തായാലും ഇതിനൊന്നിനും ആരോഗ്യ വകുപ്പ് ഔദ്യോഗി​കമായി​ ഒരു വി​ശദീകരണത്തി​ന് തയ്യാറല്ല.

ഉത്തരവുവന്ന ശേഷം ജില്ലയിൽ നടന്ന പൊതുപരിപാടികളിൽ പലതിലും വേദിയിലിരുന്നവർ പോലും മാസ്‌ക് ധരിക്കുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. ടൗൺ​ഹാളി​ൽ മുഖ്യമന്ത്രി​ പങ്കെടുത്ത ചടങ്ങി​ൽ എത്തി​യവരെയെല്ലാം സംഘാടകർ മാസ്ക് ധരി​പ്പി​ച്ചെങ്കി​ലും അതി​ഥി​കൾ മാസ്കി​ല്ലാതെയാണ് വേദി​യി​ലെത്തി​യത്.

യുവജന- സാമൂഹിക സംഘടനകൾക്കും അനക്കമില്ല

കൊവിഡ് കാലത്ത് സാനിറ്റൈസറും മാസ്‌കും കൈകഴുകലും നിർബന്ധമാക്കിയപ്പോൾ രാഷ്ട്രീയ പാർട്ടികളും യുവജന വിദ്യാർത്ഥി സംഘടനകളും ക്ലബ്ബുകളും സന്നദ്ധ സ്ഥാപനങ്ങളും മറ്റ് കൂട്ടായ്മകളുമൊക്കെ നാടിന്റെ മുക്കിലും മൂലയിലും സാനിറ്റൈസർ പോയിന്റും പൈപ്പ് കണക്ഷനുകൾ സ്ഥാപിക്കലും മാസ്‌ക് വിതരണവും നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ ഉത്തരവ് ആരും അറിഞ്ഞമട്ടില്ല.

ആരും വെച്ചു കണ്ടില്ല. നിർബന്ധമാക്കിയോ എന്ന് ഉറപ്പില്ല.
സിജു

ഊബർ ഡ്രൈവർ, എറണാകുളം

Advertisement
Advertisement