നിർമാണ മേഖലയെ സ്തംഭനത്തിലേക്ക് നയിച്ച് സമര പരമ്പര

Thursday 19 January 2023 12:09 AM IST

കോലഞ്ചേരി: ക്രഷർ, ഹോളോബ്രിക്സ് കമ്പനി ഉടമകൾ, ടിപ്പർ - ടോറസ് ഉടമകൾ എന്നിവരുടെ സമരം ഇന്ന് തുടങ്ങുന്നതോടെ നിർമാണ മേഖല സ്തംഭനത്തിലാകും. കരിങ്കല്ല് ഉൾപ്പെടെയുള്ള ക്വാറി ഉല്പന്നങ്ങളുടെ വിലവർദ്ധനവിന്റെ പാശ്ചാത്തലത്തിൽ തങ്ങളുടെ ഉത്പന്നങ്ങളുടെ നിരക്കും ലോറി വാടകയും പുതുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

സാമ്പത്തിക വർഷവസാനത്തിൽ തീർക്കേണ്ട മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളെയും പണിമുടക്ക് ബാധിക്കും. റോഡ് അ​റ്റകു​റ്റപ്പണികളടക്കം പ്രതിസന്ധിയിലാകും. മാർച്ച് 31ന് മുമ്പ് സമയബന്ധിതമായി പൂർത്തിയാക്കേണ്ട തദ്ദേശഭരണസ്ഥാപനങ്ങളിലെ ജോലികളെയാണ് ഏറെ ബാധിക്കുന്നത്. 31ന് മുമ്പ് പണിതീർത്ത് ബില്ലുകൾ മാറേണ്ട ജോലികൾ പൂർത്തിയാക്കാനാകാതെ തുക നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്. നിലവിലെ സാഹചര്യത്തിൽ വീടു നിർമാണത്തിന് കരാർ എടുത്തിരിക്കുന്നവർ പണി ഉപേക്ഷിച്ചമട്ടാണ്. കരാറെടുത്ത തുകയിൽ പണി പൂർത്തിയാക്കാനാകില്ലെന്നതാണ് കാരണം.

സമീപകാലത്ത് 30 ശതമാനം വിലവർദ്ധനവാണ് ക്വാറി ഉത്പന്നങ്ങൾക്കുണ്ടായത്. ഇതോടെ മെറ്റൽ, ഹോളോബ്രിക്സ്, പാറമണൽ, എം.സാൻഡ് എന്നിവയുടെ വിലയുംകൂടി. നേരത്തെ സംസ്ഥാനത്തിന് പറത്തു നിന്ന് കരിങ്കല്ല് കേരളത്തിലേക്ക് വന്നിരുന്നു. എന്നാൽ പരിശോധന കർശനമാക്കുകയും അമിതലോഡിന് പിഴ ഈടാക്കാനും തുടങ്ങിയതോടെ ലോഡ് വരവ് നിലച്ചു.ലോറികൾ ലോഡ് കൂടുതൽ കയ​റ്റാനായി ബോഡി അളവിൽ രൂപമാ​റ്റം വരുത്തി അമിതലോഡുമായാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ ഇത്തരം വാഹനൾക്കെതിരെ നടപടി ശക്തമാക്കിയതോടെ കുറഞ്ഞ അളവിലാണ് ഉത്പന്നങ്ങൾ സൈ​റ്റുകളിൽ എത്തിക്കുന്നത്. ഇതാണ് ഉത്പന്ന വില കുതിച്ചുയരാൻ കാരണമായി പറയുന്നത്.

അന്യസംസ്ഥാനത്തെ ക്വാറിക്കാർ കരിങ്കൽ വില ഇരട്ടിയാക്കിയതോടെ ഹോളോബ്‌ളോക്ക് ഉൾപ്പെടെയുള്ളവയുടെ നിർമാണം പ്രതിസന്ധിയായി. ഇന്നലെ ടിപ്പർ ലോറി അസോസിയേഷനിലെ ഒരുവിഭാഗം രംഗത്തിറങ്ങി അമിതലോഡ് കയ​റ്റിപ്പോകുന്ന ലോറികൾ തടഞ്ഞ് പൊലീസിന് കൈമാറിയിരുന്നു. ഇതോടെ സമരത്തിന് മുമ്പ് ലോഡ് സ്റ്റോക്ക്​ചെയ്യാൻ നടത്തിയ നീക്കവും പൊളിഞ്ഞു. നൂറിലധികം ക്വാറികൾ പ്രവർത്തിച്ചു വന്ന ജില്ലയിൽ 10ൽ താഴെ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നേരത്തെ ജില്ലാതല മോണിട്ടറിംഗ് കമ്മി​റ്റിയാണ് ക്വാറികൾ പരിശോധന നടത്തി ലൈസൻസ് നൽകിയിരുന്നത്. എന്നാൽ സംസ്ഥാന മോണിട്ടറിംഗ് സംവിധാനത്തിലേയ്ക്ക് ​മാറ്റിയതോടെ പരിശോധ സമയബന്ധിതമായി പൂർത്തിയാക്കാനാകാത്തതും പ്രതിസന്ധിക്ക് കാരണമാണെന്ന് ഓൾ കേരള സിമെന്റ് ബ്രിക്സ് ആൻഡ് ടൈൽ മാനുഫാക്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിജു പാലാൽ പത്രസമ്മേളനത്തിൽ പറഞ്ഞു. മേഖലാ സെക്രട്ടറി ബെന്നി പുത്തൻ വീടൻ, വൈസ് പ്രസിഡന്റ് എം.പി. വർഗീസ് എന്നിവരും പങ്കെടുത്തു.