ശബരിമലയിലെ മോശം പെരുമാറ്റം; വാച്ചർക്ക് സസ്‌പെൻഷൻ

Thursday 19 January 2023 1:13 AM IST

തിരുവനന്തപുരം: മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിനിടെ തീർത്ഥാടകരെ ബലം പ്രയോഗിച്ച് തള്ളിനീക്കിയ വാച്ചർ അരുൺകുമാറിനെ സസ്പെൻഡ് ചെയ്തു . ദീപാരാധനയ്ക്കുശേഷം ശ്രീകോവിലിനു മുന്നിൽനിന്ന ഭക്തരോടാണ് അരുൺകുമാർ മോശമായി പെരുമാറിയത്. മകരവിളക്ക് കഴിഞ്ഞ സമയം സന്നിധാനത്ത് ഇയാൾ ഭക്തരോടു മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. സംഭവത്തിൽ ഹൈക്കോടതിയും വാച്ചർക്കെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. ദൃശ്യങ്ങൾ കോടതി പരിശോധിക്കുകയും ഇയാൾക്കെതിരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും ഹൈക്കോടതി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ദേവസ്വം ബോർഡ് നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് വകുപ്പുതല ശിക്ഷാനടപടി സ്വീകരിച്ചത്. അന്യസംസ്ഥാനത്തു നിന്നെത്തിയ ഭക്തന്മാരോടടക്കം മോശമായി പെരുമാറിയത്തിനെതിരെ വിവിധ മേഖലകളിൽ നിന്നും പരാതി ഉയർന്നിരുന്നു. ആദ്യഘട്ടത്തിൽ ദേവസ്വം ബോർഡ് ഇയാളെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് കഴിഞ്ഞദിവസം നടന്ന യോഗത്തിൽ ഇയാളെ സസ്‌പെന്റ് ചെയ്യാൻ ബോർഡ് യോഗം തീരുമാനിച്ചത്. മണക്കാട് ദേവസ്വത്തിലെ വാച്ചറാണ് അരുൺകുമാർ.